rahul-gandhi
ലണ്ടൻ: ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്‌പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ കിംഗ്ഫിഷർ എയർലൈൻസ് ഉടമ വിജയ് മല്യ രാജ്യം വിടുന്നതിന് മുമ്പ്  ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. എന്നാൽ മല്യ കണ്ടെന്ന് പറയുന്ന നേതാക്കളുടെ പേര് വെളിപ്പെടുത്താൻ രാഹുൽ തയ്യാറായില്ല. അതേസമയം,​ രാഹുലിന്റെ ആരോപണത്തെ കുറിച്ച് ബി.ജെ.പി പ്രതികരിച്ചിട്ടില്ല.

മല്യ അടക്കമുള്ള സാന്പത്തിക തട്ടിപ്പ് കുറ്റവാളികൾക്കെതിരെ കേന്ദ്ര സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

ലണ്ടനിലേക്ക് മുങ്ങുന്നതിന് മുമ്പ് മല്യ ബി.ജെ.പിയിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവരുടെ പേരുകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല - രാഹുൽ പറഞ്ഞു.

അതേസമയം,​ ഇന്ത്യയിലെത്തിച്ചാൽ മല്യയെ പാർപ്പിക്കാൻ ഉദേശിക്കുന്ന ആർതർ റോഡ് ജയിലിൽ ഒരുക്കിയിരിക്കുന്നത്  ടെലിവിഷൻ, സ്വകാര്യ ശുചിമുറി, കിടക്ക, വസ്ത്രങ്ങൾ കഴുകാനുള്ള സ്ഥലം, മുറ്റം എന്നിങ്ങനെയുള്ള ആഡംബര സൗകര്യങ്ങളാണ്. ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോൾ  മല്യയ്ക്ക് മാത്രമായി പ്രത്യേക പരിഗണന നൽകരുതെന്ന് രാഹുൽ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ജയിലുകൾ നല്ല നിലവാരമുള്ളതാണെന്നും നീതി എല്ലാ പൗരന്മാർക്കും ഒരുപോലെ ആയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  9000 കോടി രൂപയുടെ വായ്‌പാ തട്ടിപ്പു കേസിൽ പ്രതിയായ മല്യയെ കഴിഞ്ഞ ഏപ്രിലിലാണ് ലണ്ടനിൽ അറസ്റ്റ് ചെയ്‌തത്. അന്നു മുതൽ ജാമ്യത്തിലാണ് മല്യ.

വജ്രവ്യാപാരിയും 13,​000 കോടിയുടെ വായ്‌പാ തട്ടിപ്പ് നടത്തിയ നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ബന്ധമുണ്ടെന്നും രാഹുൽ ആരോപിച്ചു. അതിനാലാണ് കേന്ദ്രം അവർക്കെതിരെ നടപടി എടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.