തിരുവനന്തപുരം: സംവിധായകനും നടനും കൊറിയോഗ്രാഫറുമായ രാഘവ ലോറൻസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി. ശനിയാഴ്‌ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ലോറൻസ് ഒരു കോടിയുടെ ചെക്ക് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറുകയായിരുന്നു. അമ്മയ്‌ക്കൊപ്പമാണ് ലോറൻസ് എത്തിയത്. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സന്നിഹിതരായിരുന്നു.
കേരളത്തിലെ പ്രളയത്തിൽ കൈത്താങ്ങാവാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്നത് സഹായപ്പെരുമഴയാണ്. ഇക്കൂട്ടത്തിൽ വലിയ പിന്തുണയുമായി ആദ്യം മുതൽ തന്നെ സജീവമായത് തമിഴ് ചലച്ചിത്രലോകത്തെ താരങ്ങളാണ്. കമലഹാസൻ, രജനീകാന്ത്, വിജയ്, സൂര്യ, കാർത്തി തുടങ്ങിയ മുൻനിര താരങ്ങളെല്ലാം ലക്ഷങ്ങളാണ് കേരളത്തിനായി നൽകിയത്.