ഡബ്ളിൻ: പുരോഹിതർക്കെതിരായ ലൈംഗിക ആരോപണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സഭയ്ക്കുണ്ടായ വീഴ്ചകൾ ദു:ഖവും നാണക്കേടുമാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. നാല് പതിറ്റാണ്ടിന് ശേഷം അയർലണ്ടിൽ സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു പോപ്പിന്റെ പരാമർശം.
അയർലണ്ടിൽ കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പരാതികളിൽ പോലും ബിഷപ്പുമാരടക്കമുള്ള സഭയിലെ ഉന്നതർ നടപടി എടുത്തില്ല. പരാതികളെ തുടർന്ന് ഉയർന്ന പ്രതിഷേധം ന്യായമാണെന്നും പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കി. സഭയിലെ പുരോഹിതർക്കെതിരായ ലൈംഗികാരോപണങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. ശക്തമായ നടപടികൾ ഇല്ലാതെ വരുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുട്ടികളുടെയും യുവാക്കളുടേയും സുരക്ഷയും വിദ്യാഭ്യാസവും ഉറപ്പുവരുത്തേണ്ട ബാദ്ധ്യത പുരോഹിതർക്കുണ്ട്. എന്നാൽ നിർഭാഗ്യവശാൽ അവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രവൃത്തികൾ സഭയ്ക്ക് അപകീർത്തികരവും മാനക്കേടുണ്ടാക്കുന്നതും ഉത്കണ്ഠപ്പെടുത്തുന്നതുമാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. അത്യധികം ആപത്കരമായ ഈ പ്രവണതയെ സഭയിൽ നിന്ന് തുടച്ച് നീക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.