അഹമ്മദാബാദ്: കോൺഗ്രസിന്റെ ഉടമസ്ഥതയിലുള്ള നാഷണൽ ഹെറാൾഡ് പത്രത്തിനെതിരെ 5000 കോടി രൂപയുടെ അപകീർത്തി കേസ് ഫയൽ ചെയ്‌ത് അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ നാഷണൽ ഹെറാൾഡ് അപകീർത്തികരമായ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയെന്നാണ് കേസ്. ഗുജറാത്ത് കോൺഗ്രസ് നേതാവ് ശക്തിസിൻഹ് ഗോഹിലിനെതിരെയും കമ്പനി മറ്റൊരു കേസ് ഫയൽ ചെയ്‌തിട്ടുണ്ട്. ഗോഹിലിനോടും അയ്യായിരം കോടി രൂപയാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
നാഷണൽ ഹെറാൾഡ് പബ്ളിഷറായ അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡ്, എഡിറ്റർ ഇൻ ചാർജ് സഫർ ആഘാ, ലേഖനമെഴുതിയ വിശ്വദീപക് എന്നിവരെ പ്രതിചേർത്താണ് കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി റാഫേൽ ഇടപാട് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിന് പത്ത് ദിവസം മുമ്പ് മാത്രമാണ് അനിൽ അംബാനി റിലയൻസ് ഡിഫൻസ് കമ്പനി സ്ഥാപിച്ചതെന്നാണ് ലേഖനത്തിലുള്ളത്.
ഈ പരാമർശം അപകീർത്തികരമാണെന്നും പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു. സർക്കാർ നിക്ഷിപ്‌ത താല്പര്യങ്ങളും വിട്ടുവീഴ്ച്ചകളും കമ്പനിക്കായി ചെയ്‌തെന്ന തരത്തിലുള്ള പ്രസ്‌താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും റിയലൻസ് ഗ്രൂപ്പിന് ദോഷകരമായ പ്രത്യാഘാതങ്ങൾ വരുത്തിവയ്‌ക്കുന്നതാണെന്നുമാണ് അനിൽ അംബാനിയുടെ ആരോപണം.