ന്യൂഡൽഹി: പ്രളയത്തെ തുടർന്നുണ്ടായ കെടുതികൾ അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കൊപ്പം ഇന്ത്യ മുഴുവനും ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബുദ്ധിമുട്ടുകൾ മറികടക്കാൻ കേരളത്തിലെ ജനങ്ങൾക്കൊപ്പം എല്ലാ ഇന്ത്യക്കാരും തോളോടുതോൾ ചേർന്നു നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കീ ബാത്തിൽ' പറഞ്ഞു.
കേരളം പ്രളയത്തെ നേരിട്ടപ്പോൾ രാജ്യത്തിന്റെ നാനാതുറകളിൽ നിന്നുള്ള ജനങ്ങൾ മലയാളികൾക്ക് പിന്തുണയുമായി ഉണ്ടായിരുന്നു. കേരളത്തിന്റെ ഉയിർത്തെഴുന്നേൽപിന് ഞാനും പ്രാർത്ഥിക്കുന്നുണ്ട് - മോദി പറഞ്ഞു.
കേരളത്തിൽ രക്ഷാപ്രവർത്തനം നടത്തിയ സൈനികരെയും ദുരന്തനിവാരണ സേനയേയും മറ്റ് രക്ഷാപ്രവർത്തകരെയും മോദി അഭിനന്ദിച്ചു. സൈനികരുൾപ്പെടെയുള്ള രക്ഷാപ്രവർത്തകരാണ് പ്രളയക്കെടുതികൾക്കിടയിലെ യഥാർത്ഥ നായകന്മാർ. വ്യോമസേന, കരസേന, നാവികസേന, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, എൻ.ഡി.ആർ.എഫ് തുടങ്ങിയ വിഭാഗങ്ങൾ കേരളത്തെ പ്രളയക്കെടുതിയിൽനിന്ന് കരകയറ്റാൻ അക്ഷീണം പ്രയത്നിച്ചുവെന്നും മോദി ചൂണ്ടിക്കാട്ടി.
അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെയും മോദി അനുസ്‌മരിച്ചു. ഇത്തവണ മൻ കി ബാത്തിൽ സംസാരിക്കണമെന്ന് ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെട്ട വിഷയം വാജ്‌പേയിയുടെ ജീവിതമാണെന്നും അദ്ദേഹം പറഞ്ഞു.