pinarayi
തിരുവനന്തപുരം:  പ്രളയത്തിൽ തകർന്ന കേരളത്തെ കരകയറ്റാൻ മലയാളികൾ ഒരു മാസത്തെ ശമ്പളം നൽകിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എന്നാൽ ശമ്പളം ഒറ്റയടിക്ക് നൽകണമെന്നല്ല പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ലോകത്തെവിടേയും മലയാളികളുണ്ട്. അവരെല്ലാം ഒരു മാസത്തെ ശമ്പളം നാടിനായി നൽകിയാലോ എന്നാലോചിക്കണം. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം നൽകണം. അങ്ങനെ നൽകിയാൽ പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ ശമ്പളം നൽകാനാകും. അത് നൽകാൻ കഴിയുമോയെന്ന് എല്ലാവരും പരിശോധിക്കണം. ഇക്കാര്യത്തിൽ എല്ലാവരുടേയും സഹകരണം സർക്കാർ പ്രതീക്ഷിക്കുന്നു - മുഖ്യമന്ത്രി പറഞ്ഞു.   

ഒരു നവകേരളം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തകരുന്നതിന് മുമ്പുള്ള കേരളമല്ല നമ്മുടെ ലക്ഷ്യം. മറിച്ച് പുതിയൊരു കേരളമാണ്. ഇത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. എന്നാൽ അതെല്ലാം സാദ്ധ്യമാക്കാനുള്ള കരുത്ത് മലയാളികൾക്കുണ്ടെന്നാണ് കരുതുന്നത്. ദുരിതബാധിതരെ സഹായിക്കാനായി പലതരം പദ്ധതികൾ സർക്കാർ ഇതിനോടകം വിഭാവന ചെയ്തിട്ടുണ്ട്.  ചില വീടുകൾക്ക് ചെറിയ അറ്റകുറ്റപ്പണി മതിയാവും. വലിയ അറ്റകുറ്റപ്പണിവേണ്ട വീടുകളുമുണ്ട്. ഇതെല്ലാം സർക്കാർ മുൻകൈയെടുത്ത് ചെയ്യും ഇതോടൊപ്പം ജനങ്ങളെ സഹായിക്കാൻ തയ്യാറുള്ള എല്ലാവരേയും സർക്കാർ ഒപ്പം നിറുത്തുമെന്നും അദ്ദേഹം പറഞ്ഞു.