ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ അട്ടിമറിക്കാൻ സമൂഹ മാദ്ധ്യമങ്ങളെ ഉപയോഗിക്കുന്നത് കർശനമായി തടയുമെന്ന് കേന്ദ്ര വാർത്താ വിനിമയ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ജനാധിപത്യത്തിന്റെ വിശ്വാസ്യതയും പവിത്രയും കാത്തുസൂക്ഷിക്കുമെന്നും അത് നശിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് കർശന ശിക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അർജന്റീനയിൽ ഡിജിറ്റൽ ഇക്കണോമി സംബന്ധിച്ച ജി 20 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹ മാദ്ധ്യമങ്ങളെ തെറ്റായ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെ ഗൗരവമായാണ് ഇന്ത്യ കാണുന്നത്. ഇത്തരം പ്രവർത്തനങ്ങൾ ഒരു തരത്തിലും അനുവദിക്കില്ല. ഇന്ത്യയിലുണ്ടായ ഇത്തരം പ്രവൃത്തികൾ കേന്ദ്ര സർക്കാരിന്റെ കർശന നിരീക്ഷണത്തിലാണ്. ഫേസ്ബുക്കിലെ ഇന്ത്യാക്കാരുടെ വിവരങ്ങൾ ചോർത്തിയതിന് ബ്രിട്ടനിലെ രാഷ്ട്രീയ കൺസൾട്ടൻസി ഏജൻസിയായ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കെതിരെ സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഡിജിറ്റൽ പ്ളാറ്റ്ഫോമുകൾ വഴി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം വിപണികളിൽ നിക്ഷേപിക്കണമെന്ന നിർദ്ദേശവും മന്ത്രി മുന്നോട്ട്‌വച്ചു. സൈബർ ലോകത്തിന്റെ അതിരുകളില്ലാത്ത സ്വാഭാവം വ്യാപാര, വാണിജ്യരംഗത്ത് വലിയൊരു മാറ്റം കൊണ്ടുവരുന്നുണ്ട്. എന്നാൽ, സൈബർ സ്പേസിനെ സുരക്ഷിതമായ രീതിയിൽ ഉപയോഗിച്ചാൽ ആഗോള സന്പദ്‌വ്യവസ്ഥയ്ക്ക് തന്നെ ഡിജിറ്റൽ പരിണാമം മുതൽക്കൂട്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റർനെറ്റിനെ മോശം ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കൂട്ടായ പ്രവർത്തനത്തിലൂടെ തടയണം. റാഡിക്കലായ ചിന്താഗതികൾ പ്രചരിപ്പിക്കുന്നതിന് സാമൂഹ്യ മാദ്ധ്യമങ്ങളെ ഉപയോഗിക്കുന്നത് തടയാൻ ആഭ്യന്തര - രാജ്യാന്തര തലത്തിൽ സഹകരണം ആവശ്യമാണ്.
സൈബറിടം സുരക്ഷിതമാക്കാൻ ഇന്ത്യ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. എല്ലാത്തരം സൈബർ ഭീഷണികളേയും കേന്ദ്ര സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.