ന്യൂഡൽഹി.: രാജ്യത്ത് ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച ചർച്ചകൾക്ക് വേഗമേറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ ചർച്ചകളെല്ലാം തന്നെ ആരോഗ്യകരമായ ജനാധിപത്യ വ്യവസ്ഥയെയാണ് കാണിക്കുന്നതെന്നും മോദി തന്റെ പ്രതിമാസ പരിപാടിയായ 'മൻ കീ ബാത്തി'ലൂടെ പറഞ്ഞു. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് ഈ വർഷം പ്രായോഗികമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് മോദിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് സർക്കാരും പ്രതിപക്ഷവും തങ്ങളുടെ അഭിപ്രായങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് നല്ലൊരു കാര്യമാണ്. ആരോഗ്യകരമായ ജനാധിപത്യത്തിന്റെ സൂചനയാണിത്. സുസ്ഥിരമായൊരു ജനാധിപത്യത്തിന് ആരോഗ്യകരമായ ഇത്തരം ചർച്ചകൾ ഉണ്ടാകുന്നത് നല്ലതാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ തുടർച്ചയായ ഇത്തരം ശ്രമങ്ങൾ ഉണ്ടാകുകയും അത് തുറന്ന മനസോടെ ചർച്ച ചെയ്യുകയും ചെയ്യുന്നത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് നൽകാനാകുന്ന ഏറ്റവും വലിയ ആദരമാണ് - മോദി പറഞ്ഞു.
ബി.ജെ.പി, ശിരോമണി അകാലിദൾ, അണ്ണാ ഡി.എം.കെ, സമാജ്‌വാദി പാർട്ടി, തെലങ്കാന രാഷ്ട്ര സമിതി തുടങ്ങിയ പാർട്ടികൾ ഒറ്റതിരഞ്ഞെടുപ്പിനെ അനുകൂലിച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഡി.എം.കെ, തെലുങ്ക് ദേശം പാർട്ടി, ഇടത് പാർട്ടികൾ, ജെ.ഡി(എസ്) എന്നിവ ഇതിനെ എതിർത്തിട്ടുണ്ട്. തങ്ങളുടെ അഭിപ്രായം പാർട്ടികൾ നിയമ കമ്മിഷനെ അറിയിച്ചിട്ടുണ്ട്.
അതേസമയം, നിയമപരമായ ചട്ടക്കൂടില്ലാതെ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനാകില്ലെന്നാണ് കമ്മിഷന്റെ നിലപാട്. ഇതിനായി ഭരണഘടനാ ഭേദഗതി വേണ്ടിവരുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഒ.പി.റാവത്ത് നേരത്തെ പറഞ്ഞിരുന്നു. 2019ൽ ഇത്തരത്തിൽ തിരഞ്ഞെടുപ്പ് നടന്നാൽ 24 ലക്ഷം വോട്ടിംഗ് യന്ത്രങ്ങളാണ് വേണ്ടിവരിക. പാർലമെന്റ് തിരഞ്ഞെടുപ്പിന് ആവശ്യമായതിന്റെ ഇരട്ടിയാണിത്.