ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നത് മൂലമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയമുണ്ടായതെന്ന കേരളത്തിന്റെ വാദത്തിന് എതിർ സത്യവാങ്മൂലവുമായി തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടി പിന്നിട്ട ആഗസ്റ്റ് 14, 15 ദിവസങ്ങളിൽ നിയന്ത്രിത അളവിലാണ് വെള്ളം തുറന്നുവിട്ടതെന്ന് തമിഴ്നാട് വ്യക്തമാക്കി. പ്രളയത്തിന് ഇടയാക്കിയത് കേരളത്തിലെ അണക്കെട്ടിലെ ജലമാണെന്നും തമിഴ്നാട് സുപ്രീം കോടതിയിൽ ആരോപിച്ചു.
ആഗസ്റ്റ് 15ന് രാവിലെ ജലനിരപ്പ് 140.7 അടിയിലെത്തിയപ്പോൾ മുല്ലപ്പെരിയാറിൽ നിന്നും ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിവിട്ടത് 1.247 ടി.എം.സി വെള്ളമാണ്. പിറ്റേ ദിവസം 2.022 ടി.എം.സി ജലവും ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കി. മുല്ലപ്പെരിയാറിൽ നിന്നും തുറന്നുവിട്ട വെള്ളത്തിന്റെ കണക്ക് ഇടുക്കിയിലെയും ഇടമലയാറിലെയും വെള്ളവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. കേരളത്തിൽ പെയ്തത് അപ്രതീക്ഷിതമായ മഴയാണ്. കേരളത്തിലെ അണക്കെട്ടുകളിൽ വലിയ അളവിൽ വെള്ളം ശേഖരിക്കപ്പെട്ടു. ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിൽനിന്നടക്കം തുറന്നുവിട്ട വെള്ളമാണ് കേരളത്തിൽ വെള്ളപ്പൊക്കത്തിനിടയാക്കിയതെന്നാണ് തമിഴ്നാടിന്റെ ആരോപണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി നിലനിർത്തുന്നതിന് അണക്കെട്ട് ബലപ്പെടുത്തുന്നതിനായി തമിഴ്നാട് നടത്തിവന്ന ജോലികൾ കേരളം തടസപ്പെടുത്തിയതായും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഈ മാസം 31 വരെ അനുവദനീയ അളവായ 142ൽ നിന്ന് രണ്ടോ, മൂന്നോ അടി താഴ്ത്തി നിലനിറുത്തണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷ മുൻനിറുത്തി കേരളവും തമിഴ്നാടും സഹകരിച്ച് മുന്നോട്ട് പോകണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. കേരളത്തിൽ വൻ പ്രളയത്തിന് വഴിവച്ച കാരണങ്ങളിലൊന്ന് മുല്ലപ്പെരിയാറിലെ 13 ഷട്ടറുകളും പെട്ടെന്ന് തുറന്നതാണെന്ന് കേരളം സത്യവാങ്മൂലം നൽകിയിരുന്നു.