തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച ചർച്ചയ്‌ക്കിടെ മലയാളികളെ അധിക്ഷേപിച്ച റിപ്പബ്ളിക് ടി.വിയുടെ മാനേജിംഗ് ഡയറക്‌ടറും മാദ്ധ്യമ പ്രവർത്തകനുമായ അർണബ് ഗോസ്വാമിക്കെതിരെ രൂക്ഷ വിമർശനമവുമായി കോൺഗ്രസ് നേതാവും എം.പിമായ ശശി തരൂർ.
''ചില വില കുറഞ്ഞ മനസുകൾ മലയാളികൾക്കെതിരെ അപമാനകരമായ ആക്രമണങ്ങൾ നടത്തുകയാണ്. നമുക്ക് വേണ്ടി നമ്മളൊന്നായി നില കൊള്ളേണ്ട സമയമാണിത്. നമ്മൾ എന്തുകൊണ്ട് അഭിമാനമുള്ള മലയാളികളായെന്ന് ചിന്തിക്കേണ്ട സമയം""- തരൂർ ട്വിറ്ററിൽ കുറിച്ചു.
ദുരിത മുഖത്ത് മലയാളി കാണിച്ച പ്രതിബദ്ധതയിൽ അഭിമാനിക്കുന്നു. പുതിയ ആശയങ്ങളേയും വിശ്വാസങ്ങളേയും രണ്ട് കെെയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളികൾ. മതസൗഹാർദ്ദത്തിന്റെ ചരിത്രമാണ് കേരളത്തിലത്. കേരളത്തിൽ രൂപം കൊണ്ട സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളിലും ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമി തുടങ്ങിയ സാംസ്‌കാരിക നായകരിലും അഭിമാനിക്കുന്നുവെന്നും ശശി തരൂർ പറഞ്ഞു.
കേരളത്തെ സഹായിക്കാൻ യു.എ.ഇ പ്രഖ്യാപിച്ചെന്ന് പറയുന്ന 700 കോടിയെ കുറിച്ചുള്ള ചർച്ചയ്‌ക്കിടെ ഇന്ത്യയിലെ ഏറ്റവും നാണം കെട്ട ജനത എന്ന് കേരളീയരെ അർണാബ് വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇതിൽ പ്രതിഷേധിച്ച് മലയാളികൾ റിപ്പബ്ളിക് ടി.വിയുടെ ഫേസ്ബുക്ക് പേജിൽ വരുന്ന പോസ്റ്റുകൾക്ക് താഴെ കമന്റുകൾ ഇടുകയാണ്.