നാട്ടുകാരനായ നമ്മുടെ സ്വന്തം പപ്പായയുടെ ആരോഗ്യഗുണങ്ങൾ പറഞ്ഞ് തുടങ്ങിയാൽ അവസാനിക്കില്ല. എപ്പോഴും സുലഭമായി ലഭിക്കുന്ന ഇവൻ വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ്. വൈറ്റമിൻ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുമുണ്ട്.
പപ്പായ ഇലയും കുരുവും പല രാജ്യങ്ങളിലേയും ഭക്ഷ്യവസ്‌തുവാണ്. അമേരിക്കൻ നാടുകളിൽ ഉത്ഭവിച്ചെങ്കിലും ഇന്ത്യയാണ് ഇപ്പോൾ പപ്പായ കൂടുതൽ ഉത്പാദിപ്പിക്കുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പപ്പായയിൽ നിരവധി ഫൈറ്റോന്യൂട്രിയന്റുകളുമുണ്ട്. ദൈനം ദിന ഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്തിയാൽ അണുബാധകൾ ഒഴിവാക്കാം.
പപ്പായയിലെ ആൻഡിഓക്‌സിഡന്റ് ചർമത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. കാഴ്ചയ്‌ക്കും ഉത്തമമാണ്. പ്രമേഹ രോഗികൾക്കു പോലും നിയന്ത്രിത അളവിൽ പപ്പായ കഴിക്കാം. പപ്പായയിലെ പൊട്ടാസ്യം ഹൃദയാരോഗ്യം സംരക്ഷിക്കാൻ മികച്ചതാണ്. പൊട്ടാസ്യം സ്‌ട്രോക്ക് വരാതെ ശരീരത്തെ സംരക്ഷിക്കും. പപ്പായയിലെ പാപെയിൻ, കൈമോപാപെയിൻ തുടങ്ങിയ എൻസൈമുകൾ ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമാറ്റോയിഡ് ആർത്രൈറ്റിസ് എന്നിവ മൂലമുണ്ടാകുന്ന പ്രയാസങ്ങൾ കുറയ്‌ക്കും. ബീറ്റകരോട്ടിൻ വായ, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന കാൻസർ തടയാനും സഹായിക്കും.