ചെന്നൈ: പ്രളയക്കെടുതിയിൽ നിന്ന് കരകയറാനുള്ള തീവ്ര ശ്രമത്തിലാണ് കേരളം. മലയാള നാടിന് കൈത്താങ്ങായി അയൽ സംസ്ഥാനമായ തമിഴ്‌നാട് 200 കോടി നൽകും. തമിഴ്‌നാട്ടിലെ മുഴുവൻ സർക്കാർ ജീവനക്കാരുടെയും ഒരു ദിവസത്തെ വേതനമാണ് ഇപ്രകാരം നൽകുന്നത്. തമിഴ്‌നാട് ഗവ. എംപ്ലോയീസ് അസോസിയേഷൻ (ടി.എൻ.ജി.ഇ.എ) സംസ്ഥാന സെക്രട്ടറി സി.ആർ.രാജ്കുമാർ ഇക്കാര്യം സ്ഥിരീകരിച്ചു.
നേരത്തെയും സർക്കാർ ജീവനക്കാർ പ്രളയബാധിതരെ സഹായിക്കാൻ രംഗത്ത് വന്നിരുന്നു. 4000 കിലോ അരി, അവശ്യമരുന്നുകൾ, കുട്ടികളുടെ ഉടുപ്പുകൾ, ബെഡ്‌ഷീറ്റുകൾ, സാരികൾ, ജാക്കറ്റുകൾ എന്നിവ കേരളത്തിലേക്ക് കയറ്റി അയയ്‌ക്കുകയും ചെയ്‌തിരുന്നു.