jacob-thomas
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനേയും അഴിമതിയേയും ചേർത്ത് സർക്കാരിനെതിരായി പ്രസംഗിച്ച ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്‌പെൻഷൻ കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടേതാണ് ശുപാർശ അനുസരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ സസ്‌പെൻഷൻ കാലാവധി നീട്ടിയത്.

സർക്കാരിനെ വിമർശിച്ചതിനെ തുടർന്ന് ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്തത് കഴിഞ്ഞവർഷം ഡിസംബറിൽ കേന്ദ്ര സർക്കാർ തടഞ്ഞിരുന്നു. തുടർന്ന്,​ അനുവാദമില്ലാതെ പുസ്തകമെഴുതിയെന്ന കാരണം ചൂണ്ടിക്കാട്ടി സർക്കാർ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. ഇത് പൂർത്തിയാകാത്ത സാഹചര്യത്തിലാണ് സസ്‌പെൻഷൻ നീട്ടിയത്.

കഴിഞ്ഞ എട്ട് മാസമായി സസ്‌പെൻഷനിലാണ് ജേക്കബ് തോമസ്. ഒരു വർഷം വരെ ഐ.പി.എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഷനിൽ നിറുത്താനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ട്. എന്നാൽ,​ അതിന് ശേഷം സസ്‌പെൻഷൻ നീട്ടണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങണം. നാല് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് സർക്കാരിന്റെ നീക്കം.   

'കേരളത്തിലെ ഭരണസംവിധാനത്തിലെ വിവിധ താത്പര്യങ്ങൾ' എന്ന വിഷയത്തിൽ ഗാന്ധി സ്മാരക സമിതി സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ജേക്കബ് തോമസ് വിവാദ പരാമർശം നടത്തിയത്. സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായി തകർന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.  ജേക്കബ് തോമസിന്റെ പ്രസ്താവന ഗുരുതരവും മാപ്പർഹിക്കാത്ത തെറ്റാണെന്നും സർക്കാർ നേരത്തെ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.