saina

ജക്കാർത്ത: ചൈനീസ് തായ്പേ‌യ്‌യുടെ തായ് സു ഇംഗിനെതിരായ സെമിഫൈനലിൽ തോറ്റ ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിന് വെങ്കലം മാത്രം. ഏകപക്ഷീയമായ മത്സരത്തിൽ 21-17, 21-14 നാണ് തായ് സു ഇംഗ് സൈനയെ കീഴടക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ തായ് സു ഇംഗ് മുന്നിട്ടുനിന്നിരുന്നു. ഇടയ്ക്കിടെ തിരിച്ചുവരവിനുള്ള ശ്രമം നടത്തിയ സൈനയ്ക്ക് പക്ഷേ ഒരിക്കലും ലീഡെടുക്കാനായില്ല. ആദ്യ ഗെയിമിൽ 14-15 എന്ന നിലയിൽ പൊരുതിനിന്ന സൈന പക്ഷേ 21-17ന് കീഴടങ്ങുകയായിരുന്നു.

രണ്ടാം ഗെയിമിൽ ആദ്യ ഷോട്ടുതന്നെ പിഴച്ചു. പെട്ടെന്ന് തായ് സു ഇംഗ് 3-0ത്തിന് ലീഡെടുക്കുകയും ചെയ്തു. 3-6ന് പിന്നിൽ നിന്ന സൈനയുടെ തിരിച്ചുവരവിനുള്ള ശ്രമം 6-6 വരെയെത്തി. എന്നാൽ 9-6ന് എതിരാളി വീണ്ടും ലീഡെടുത്തു. പക്ഷേ സൈന 10-10ന് വീണ്ടും തുല്യതയിലെത്തിച്ചു. പിന്നീട് 13-12ന് മത്സരത്തിലാദ്യമായി സൈന ലീഡെടുത്തു. എന്നാൽ 18-14 ന് തായ് സു ഇംഗ് വീണ്ടും മുന്നിലെത്തി. തുടർന്ന് സൈനയ്ക്ക് ഒരു പോയിന്റ് പോലും നേടാനായില്ല.