modi,-manmohan
ന്യൂഡൽഹി: തീൻമൂർത്തി ഭവനിലെ ജവഹർലാൽ നെഹ്‌റു സ്‌മാരക മ്യൂസിയത്തിന് മാറ്റം വരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നെഹ്‌റു കോൺഗ്രസിന്റെ മാത്രമല്ല,​ രാജ്യത്തിന്റെയാകെ പ്രതീകമാണെന്ന് മൻമോഹൻ കത്തിൽ ചൂണ്ടിക്കാട്ടി.  തീൻമൂർത്തി ഭവൻ സമുച്ചയത്തിൽ എല്ലാ പ്രധാനമന്ത്രിമാരുടെയും സ്‌മരണാർഥം മ്യൂസിയം ഒരുക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണ് വിവാദമായിരിക്കുന്നത്.   

ചരിത്രത്തേയും പൈതൃകത്തേയും എന്നും ബഹുമാനിക്കുകയാണ് വേണ്ടത്. രാഷ്ട്രനിർമാണത്തിൽ നെഹ്‌റുവിന്റെ പങ്കിനെ വില കുറച്ച് കാണരുത്. അന്തരിച്ച ബി.ജെ.പി നേതാവ് എ.ബി.വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ നെഹ്റു മ്യൂസിയത്തിൽ ഒരു മാറ്റവും വരുത്തിയിരുന്നില്ല. മോദി സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നത് തികച്ചും ദു:ഖകരമാണ്. നെഹ്റുവിന്റെ നിര്യാണത്തെ തുടർന്ന് പാർലമെന്റിൽ അദ്ദേഹത്തെ പുകഴ്‌ത്തി വാജ്പേയി നടത്തിയ പ്രസംഗവും മൻമോഹൻ സിംഗ് കത്തിൽ ഉദ്ധരിക്കുന്നുണ്ട്.

ഇന്ത്യയിൽ മാത്രമല്ല,​ ലോകത്തിലും വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു നെഹ്‌റു. അദ്ദേഹത്തിന്റെ ഓർമകൾ ഉറങ്ങുന്ന സ്ഥലമാണ് നെഹ്‌റു മ്യൂസിയം. രാഷ്ട്രീയ എതിരാളികൾ പോലും നെഹ്‌റുവിനെ അംഗീകരിച്ചിട്ടുണ്ട്. അതിനാൽ തന്നെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ വികാരം വ്രണപ്പെടുത്തരുതെന്നും നെഹ്റു മ്യൂസിയം പഴയപടി തന്നെ നിലനിറുത്തണമെന്നും മൻമോഹൻ അഭ്യർത്ഥിച്ചു.