പ്രളയം പിൻവാങ്ങുമ്പോൾ കേരളീയ പൊതുസമൂഹം പശ്ചാത്താപത്തോടെ ഓർക്കേണ്ട ഒരു രാഷ്ട്രീയ നേതാവുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് രാഷ്‌ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ.ജയശങ്കർ. തൃക്കാക്കര എം.എൽ.എ ആയ പി.ടി.തോമസാണ് ആ നേതാവെന്ന് ജയശങ്കർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ഗാഡ്‌ഗിൽ റിപ്പോർട്ട് വിവാദ വിഷയമായിരുന്ന കാലത്ത്, പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടി നിലകൊണ്ടയാളാണ് തോമസെന്നും, എന്നാൽ അന്ന് അദ്ദേഹത്തെ സ്വന്തം പാർട്ടി പോലും തള്ളിപ്പറയുകയാണ് ചെയ്‌തതെന്ന് ജയശങ്കർ പറയുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'അഞ്ചു വർഷം മുമ്പ് ഗാഡ്ഗിൽ റിപ്പോർട്ട് വിവാദ വിഷയമായിരുന്ന കാലത്ത്, പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടി നിലകൊണ്ടയാളാണ് തോമസ്. അന്ന് പാതിരിമാരും പാറമടക്കാരും ചേർന്ന് അദ്ദേഹത്തെ കുരിശിൽ തറച്ചു. കോഴികൂവും മുമ്പ് സ്വന്തം പാർട്ടി തളളിപ്പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് നഷേധിച്ചു. എന്നിട്ടും തോമസ് തന്റെ അഭിപ്രായത്തിൽ ഉറച്ചുനിന്നു. മാർ ആനിക്കുഴിക്കാട്ടിലിന്റെ കാലുപിടിക്കാൻ പോയില്ല.
ഇടുക്കി, താമരശ്ശേരി, മാനന്തവാടി രൂപതകളുടെ പരിധിയിൽ തുടരെത്തുടരെ ഉരുൾപൊട്ടലും മലയിടിയലുമുണ്ടായി ആൾനാശവും കൃഷിനാശവും ആവർത്തിക്കുമ്പോൾ, പാതിരിമാർക്കും മനസിലാകുന്നുണ്ട് ഗാഡ്ഗിൽ റപ്പോർട്ടിന്റെ പ്രസക്തി. ദുരഭിമാനം നിമിത്തം അത് ഏറ്റുപറയുന്നില്ല എന്നു മാത്രം.
കെ.പി.സി.സി.യും കെ.സി.ബി.സിയും മനസുകൊണ്ടെങ്കിലും ഈ മനുഷ്യപുത്രനോട് മാപ്പു പറയണം.
എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ'.