തിരുവനന്തപുരം: അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തങ്ങളുടെ പഴയ സാധനങ്ങൾ ഒഴിവാക്കാനുള്ള അവസരമായി ദുരിതാശ്വാസ ക്യാമ്പുകളെ കാണുന്നതായി ആക്ഷേപം. ആലപ്പുഴ അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹയർസെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ ദിവസം ലഭിച്ച സാധനങ്ങൾ ഇത്തരം പ്രവണതകൾക്ക് ഏറ്റവും മികച്ച ഉദാഹരണമാണ്. ഇവിടേക്കെത്തിയ സാധനങ്ങളുടെ കൂട്ടത്തിൽ 30 വർഷം പഴക്കമുള്ള ടൂത്ത് ബ്രഷ് കൂടി ഉൾപ്പെട്ടതാണ് സന്നദ്ധസേവകരെയും അധികൃതരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കിയത്. 1988 മെയ് മാസം നിർമിച്ച ഈ ടൂത്ത് ബ്രഷിന്റെ വിലയായി രേഖപ്പെടുത്തിയിരിക്കുന്നത് 2.50 രൂപയാണ്. ഇത്രയും പഴക്കമുള്ള സാധനങ്ങൾ എങ്ങനെ ക്യാമ്പിലെത്തിയെന്നാണ് ഇപ്പോൾ എല്ലാവരുടെയും ചോദ്യം.
നിങ്ങളുടെ പഴയ സാധനങ്ങൾ ഒഴിവാക്കാനുള്ള അവസരമായി ദുരിതാശ്വാസ പ്രവർത്തനങ്ങളെ കാണരുതെന്നും പുതിയ സാധനങ്ങൾ മാത്രമേ സംഭാവന ചെയ്യാവൂ എന്നും അധികൃതർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉപയോഗ്യ ശൂന്യമായ വസ്തുക്കളും മുഷിഞ്ഞ വസ്ത്രങ്ങളും നിരവധി പേർ ക്യാമ്പിലേക്ക് എത്തിച്ചു. ഇത് സന്നദ്ധപ്രവർത്തകർക്കും തലവേദനയായി മാറിയിരുന്നു. മിക്കയിടങ്ങളിലും ഇത്തരം സാധനങ്ങൾ കുന്നുകൂടി കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.