ചെങ്ങന്നൂർ: സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദർശിക്കാനെത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നാട്ടുകാരുടെ കൈയ്യടി. രോഗബാധിതയായ സ്ത്രീയെയും വഹിച്ച് കൊണ്ടുള്ള എയർ ആംബുലൻസിന് വേണ്ടി തന്റെ യാത്ര വൈകിപ്പിച്ച് കാത്തിരുന്നതിനാണ് രാഹുൽ നാട്ടുകാരുടെ അഭിനന്ദനങ്ങൾക്ക് പാത്രമായത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലാണ് സംഭവം.
ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം രാഹുൽ മടക്കയാത്രക്കായി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലെത്തിയപ്പോൾ രോഗിയായ സ്ത്രീയെ കോട്ടയത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എയർ ആംബുലൻസും എത്തിയിരുന്നു. ഇക്കാര്യം അറിഞ്ഞ രാഹുൽ എയർ ആംബുലൻസ് പോയ ശേഷം മതി തന്റെ യാത്രയെന്ന് നിർദ്ദേശം നൽകി കാത്തുനിൽക്കുകയായിരുന്നു. തുടർന്ന് എയർ ആംബുലൻസ് തിരിച്ച ശേഷമാണ് രാഹുൽ ആലപ്പുഴയിലേക്ക് തന്റെ യാത്ര തുടർന്നത്.
ദൈവത്തിന്റെ സ്വന്തം സൈന്യത്തിന് മന്ത്രാലയമെന്ന് രാഹുൽ
കേരളത്തിലെ പ്രളയത്തിൽ ആയിരങ്ങളുടെ ജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ സേവനം കോസ്‌റ്റ് ഗാർഡ് ഉപയോഗപ്പെടുത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. യു.പി.എ സർക്കാർ അധികാരത്തിലെത്തിയാൽ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി സ്വന്തം മന്ത്രാലയം രൂപീകരിക്കും. ദൈവത്തിന്റെ സ്വന്തം സൈന്യത്തിന് അവരുടെ സ്വന്തം മന്ത്രാലയം ഉണ്ടായിരിക്കുമെന്നും രാഹുൽ ഉറപ്പ് നൽകി.