v-s-achuthanandan

.തിരുവനന്തപുരം: പ്രളയത്തിൽ മുങ്ങിയ കേരളത്തിനെ പുനർനിർമിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്ത സാലറി ചലഞ്ച് ഏറ്റെടുത്ത് നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. എന്നാൽ ഭരണപരിഷ്‌ക്കാര കമ്മിഷൻ അദ്ധ്യക്ഷനെന്ന നിലയിൽ ഇനി തനിക്ക് കിട്ടുന്ന ശമ്പളവും ആനുകൂല്യവും വി.എസ്. അച്യുചാനന്ദൻ വേണ്ടെന്ന് വച്ചെന്ന വാർത്ത സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെയാണ് പടർന്നത്.

സർക്കാരിന്റെ കാലയളവിൽ ശമ്പളയിനത്തിൽ തനിക്ക് ലഭിക്കേണ്ട രണ്ടരകോടി രൂപ അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തെന്നും വാർത്തകളുണ്ടായിരുന്നു. ചില സി.പി.എം നേതാക്കൾ പോലും ഇക്കാര്യത്തിലെ സത്യമറിയാതെ ഷെയർ ചെയ്തു. ഇക്കാര്യത്തിലെ സത്യാവസ്ഥ അന്വേഷിച്ച് നിരവധി പേർ മാദ്ധ്യമ സ്ഥാപനങ്ങളിലും മറ്റും വിളിക്കുകയുണ്ടായി.

അതേസമയം, ഇത്തരത്തിൽ തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നാണ് വി.എസ്.അച്യുതാനന്ദന്റെ ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സംഘപരിവാർ ആഭിമുഖ്യമുള്ള ചില ഗ്രൂപ്പുകളിൽ നിന്നാണ് ഇത്തരത്തിലുള്ള പ്രചാരണം ആരംഭിച്ചത്. സി.പി.എം വിരുദ്ധതയാണ് പ്രചാരണത്തിന് പിന്നിലെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകുമെന്ന് വി.എസ്.അച്യുതാനന്ദൻ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ എം.പിമാരും എം.എൽ.എമാരും ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം. ജനപ്രതിനിധികൾ ഇക്കാര്യത്തിൽ സർക്കാർ ജീവനക്കാർക്ക് മാതൃക കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.