mohammed-bin-rashid-al-ma

യു.എ.ഇ : രണ്ടുതരത്തിലുള്ള ഭരണാധികാരികളെക്കുറിച്ചുള്ള ദുബായ്   ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ട്വീറ്റ്   സജീവചർച്ചയാകുന്നു.  പ്രളയക്കെടുതിയിൽ പകച്ചുനിന്ന കേരളത്തിന് 700 കോടിയുടെ സഹായം യു.എ.ഇ  വാഗ്ദാനം ചെയ്തെന്നും ഇല്ലെന്നും അത് ഇന്ത്യ സ്വീകരിച്ചെന്നും ഇല്ലെന്നുമൊക്കെയുള്ള ചേരിതിരിവുകൾക്കും തർക്കങ്ങൾക്കുമിടെയാണ് വിവാദങ്ങളുയർത്തി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിയായ മക്തൂമിന്റെ ട്വീറ്റ്.    

ജനങ്ങളുടെ നേട്ടത്തിനുവേണ്ടി വഴി തേടുന്നതും ജനജീവിതം ദുസഹമാക്കാൻ ചട്ടങ്ങൾ ചുമക്കുന്നതുമായ രണ്ടുതരം അധികാരികളാണ് ലോകത്തുള്ളതെന്നാണ് 'എന്റെ ജീവിതപാഠങ്ങൾ" എന്ന തലക്കെട്ടിൽ ട്വീറ്റിലുടനീളം അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്.  ട്വീറ്റിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ: ''അധികാരികൾ രണ്ടുതരത്തിലുണ്ട്. ആദ്യത്തേത് നന്മയിലേക്കു പൂട്ട് തുറക്കുന്നവരാണ്. ജനസേവനത്തിലും ജനജീവിതമൊരുക്കുന്നതിലും ഇവർ ആനന്ദം കണ്ടെത്തുന്നു. നൽകുന്നതിൽ സ്വന്തം മൂല്യംകണ്ടെത്തുന്നു. മറ്റുള്ളവരുടെ ജീവിതം കുറേക്കൂടി മെച്ചപ്പെടുത്തുന്നതിൽ യഥാർത്ഥനേട്ടം കാണുന്നവരും വഴി തുറന്നുകൊടുത്ത് പരിഹാരങ്ങൾ കണ്ടെത്തുന്നവരുമാണ് അവർ. എല്ലായ്പ്പോഴും ജനങ്ങളുടെ നേട്ടത്തിനു വഴി കണ്ടെത്തുന്നവർ.   

രണ്ടാമത്തെവിഭാഗം നന്മകൾക്ക് മുടക്കം വെക്കുന്നവരാണ്. എളുപ്പമായതിനെ കൂടുതൽ സങ്കീർണമാക്കുന്നവർ.  ആവശ്യങ്ങൾക്കായി എത്തുന്നവരെ തങ്ങളുടെ വാതിലുകളിലും മേശകൾക്കുംമുന്നിൽ കാത്തുനിറുത്തുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ. രണ്ടാമതു സൂചിപ്പിച്ച ആളുകളേക്കാൾ കൂടുതൽ ആദ്യം സൂചിപ്പിച്ചവർ ഉണ്ടായെങ്കിൽ മാത്രമേ രാജ്യവും ഭരണകൂടവും വിജയിക്കൂ.  

കേരളത്തിന്റെ നിലവിലെ അവസ്ഥയിൽ കേന്ദ്രത്തിന്റെ ഇടപെടലുമായി ചേർത്ത് വായിച്ചാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ മക്തൂമിന്റെ ട്വീറ്റ് ചർച്ച ചെയ്യപ്പെടുന്നത്. അറബിയിലുള്ള ട്വീറ്റിന് ഇംഗ്ലീഷിലും മലയാളത്തിലും ഒക്കെ പരിഭാഷകൾ നൽകിയാണ് ചർച്ചകൾ.