ടോക്കിയോ: കൊടുങ്കാറ്റിൽ ആടിയുലയുന്ന യാത്രാവിമാനത്തെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അത്തരത്തിൽ ആടിയുലയുന്ന യാത്രാവിമാനത്തെ പൂർവസ്ഥിതിയിലാക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജപ്പാനിലെ ടോക്കിയോയിലെ നരിറ്റ വിമാനത്താവളത്തിൽ സാഹസിക ലാന്റിംഗ് നടത്തുന്ന എ.എൻ.എ ഡ്രീംലൈനർ എന്ന വിമാനത്തിന്റെ ദൃശ്യങ്ങളാണിത്.
ശക്തമായ കൊടുങ്കാറ്റിനിടെ ലാൻഡിംഗിന് ശ്രമിക്കുമ്പോളാണ് വിമാനം ആടിയുലഞ്ഞത്. ഇതോടെ ഒരുനിമിഷം മൂക്കുകുത്തി താഴോട്ട് പതിക്കാനൊരുങ്ങിയ വിമാനം ഉടൻ പൂർവസ്ഥിതിയിലാകുന്നത് വിഡിയോയിൽ കാണാം. മനസാന്നിദ്ധ്യം കൈവിടാതെ ഈ വിമാനത്തെ നിയന്ത്രിച്ച പൈലറ്റിനെ തേടി ഒട്ടേറെ അഭിനന്ദന സന്ദേശങ്ങളാണ് എത്തുന്നത്. ക്രോസ് വിൻഡ് പ്രതിഭാസമാണ് വിമാനം ആടിയുലയാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഏറെ പണിപ്പെട്ട് രണ്ടാമത്തെ ശ്രമത്തിലാണ് വിമാനം സുരക്ഷിതമായി പൈലറ്റ് നിലത്തിറക്കിയത്. സംഭവത്തിന് ശേഷം യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.