andra-pradesh-lepakshi-ve

ആന്ധ്രാപ്രദേശിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രം പുരാതന ഭാരതീയ വാസ്തുവിദ്യയുടെ പ്രകടമായ ഉദാഹരണമാണ്. നിലം തൊടാതെ തൂങ്ങിക്കിടക്കുന്ന കൊത്തുപണികൾ നിറഞ്ഞ തൂണുകൾ, 27 അടി നീളമുള്ള ഒറ്റക്കല്ലിൽ കൊത്തിയ നന്ദികേശ പ്രതിമ, ഒറ്റക്കല്ലിൽ തീർത്ത ഏഴുതലയുള്ള നാഗപ്രതിമ എന്നിവയൊക്കെയും ലേപാക്ഷി വീരഭദ്ര ക്ഷേത്രത്തിന്റെ സവിശേഷതകളാണ്.

എഴുപതിലധികം കൽത്തൂണുകൾ ക്ഷേത്രത്തിലുണ്ടെങ്കിലും അവയിൽ ഒന്നുപോലും നിലത്ത് സ്പർശിക്കുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. തൂണിനും നിലത്തിനും ഇടയിലുള്ള സ്ഥലത്തുകൂടെ നിലംതൊടാതെ വസ്ത്രം കടത്തിയാൽ എല്ലാ ദു:ഖങ്ങൾക്കും അറുതിയുണ്ടാകുമെന്നാണ് ഭക്തർ വിശ്വസിക്കുന്നത്. ഈ വാസ്‌തുവിദ്യയുടെ രഹസ്യം ഇപ്പോഴും അജ്ഞാതമാണ്.

 

ഒറ്റക്കല്ലിൽ കൊത്തിയ നന്ദിയുടെ പ്രതിമയാണ് ക്ഷേത്രത്തിലെ മറ്റൊരാകർഷണം. ക്ഷേത്രത്തിലേക്ക് കടക്കുമ്പോൾ ആദ്യം കാണുന്ന കാഴ്‌ചയും നന്ദിയുടേതാണ്. 27 അടി നീളവും 15 അടി ഉയരവുമുള്ള ഈ പ്രതിമ ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ നന്ദിപ്രതിമയാണ്.

ഒറ്റക്കല്ലിൽ കൊത്തിയ ഏഴുതലയുള്ള നാഗത്തിന്റെ പ്രതിമയും ലേപാക്ഷിയിലെ വാസ്തുവിദ്യയുടെ അടയാളമായി നിലകൊള്ളുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ നാഗപ്രതിമയായാണ് ഇതിനെ കണക്കാക്കുന്നത്. ഏഴ് പത്തികളുള്ള നാഗം ശിവലിംഗത്തിൽ ഇരിക്കുന്ന രൂപത്തിലാണ് പ്രതിമ.

വീരഭദ്ര ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ആകർഷണമാണ് ചിത്രപണികൾ നിറഞ്ഞ മണ്ഡപം. ഇതിന്റെ തൂണുകളിൽ വാദ്യക്കാരുടെയും നർത്തകിമാരുടെയും രൂപങ്ങൾ മനോഹരമായി കൊത്തിയിരിക്കുന്നു. വിശ്വകർമ്മ ബ്രാഹ്മണരുടെ കരവിരുത് പ്രകടമാക്കുന്നതാണ് മണ്ഡപത്തിലെ ഓരോ ചിത്രപ്പണികളും.

ക്ഷേത്രത്തിന് ലേപാക്ഷി എന്ന പേരു വന്നതിന് പിന്നിൽ പലകഥകളും പ്രചാരത്തിലുണ്ട്. രാവണൻ സീതയെ തട്ടിക്കൊണ്ടപോയ സമയത്ത് തടയാൻ ചെന്ന ജടായുവിനെ രാവണൻ വെട്ടിവീഴ്‌ത്തി. ഇപ്പോൾ ക്ഷേത്രമിരിക്കുന്ന സ്ഥലത്താണത്രെ ജടായു വീണത്. സീതയെ അന്വേഷിച്ചെത്തിയ രാമനെ കാര്യങ്ങൾ ധരിപ്പിക്കുമ്പോൾ ജടായുവിനെ നോക്കി രാമൻ സ്‌നേഹത്തോടെ ലേപാക്ഷി എന്നു വിളിച്ചുവത്രെ. തെലുങ്കിൽ 'എഴുന്നേൽക്കൂ പക്ഷി ശ്രേഷ്‌ഠാ' എന്നാണ് ഇതിനർഥം. അങ്ങനെയാണ് ലേപാക്ഷി എന്ന പേരു ലഭിച്ചതെന്നാണ് ഐതിഹ്യം.

1530ൽ വിജയനഗര രാജാക്കൻമാർ നിർമ്മിച്ച മനോഹര ക്ഷേത്രമായ ലേപാക്ഷി ക്ഷേത്രം ഭാരതീയ വാസ്‌തുവിദ്യയുടെ വളർച്ചയുടെ തെളിവാണ്. ശിവൻ, വിഷ്ണു, വീരഭദ്രൻ എന്നീ മൂന്നു ദൈവങ്ങൾക്കും ഇവിടെ പ്രത്യേകം പ്രതിഷ്‌ഠയുണ്ട്. കർണാടകയിലെ വാ‌സ്തു വിദ്യയിൽ മികച്ചു നില്ക്കുന്ന മറ്റുപല ക്ഷേത്രങ്ങളുമായി ഇതിന് അടുത്ത സാമ്യമുണ്ട്.

മറ്റൊരു ഐതീഹ്യം
വിജയനഗരരാജാവായിരുന്ന അച്യുതരായരുടെ കാലത്ത് ഈ ഗ്രാമമുൾക്കൊള്ളുന്ന പെനകോണ്ട പ്രവിശ്യയുടെ ഗവർണർ ശിവഭക്തനായ വിരൂപണ്ണനായിരുന്നു. വീരശൈവമതവിശ്വാസിയായിരുന്നു അദ്ദേഹം. വിരൂപണ്ണന്റെ ഭരണകാലത്ത് ഗ്രാമത്തിൽ ഒരു വീരഭദ്ര വിഗ്രഹം കണ്ടെത്തി. അഗസ്‌ത്യമുനി പ്രതിഷ്‌ഠനടത്തിയ പാപനേശ്വര ശിവക്ഷേത്രമായിരുന്നു അന്നത്തെ പ്രധാന ക്ഷേത്രം. ഈ ക്ഷേത്രത്തിൽ വീരഭദ്ര വിഗ്രഹം പ്രധാന മൂർത്തിയായി പ്രതിഷ്‌ഠിക്കാനും പുതിയ ക്ഷേത്രം പണിയാനും വിരൂപണ്ണൻ നിശ്ചയിച്ചു. കൂടുതലൊന്നും ആലോചിക്കാതെ ഏറ്റവും നല്ല ശില്പികളെ വരുത്തി ക്ഷേത്രം പണി തുടങ്ങി. എന്നാൽ കറേകഴിഞ്ഞപ്പോൾ പണമെല്ലം തീർന്നു. വിജയനഗര സാമ്രാജ്യത്തിന് നൽകാൻ പിരിച്ച നികുതിപ്പണമെടുത്തു ക്ഷേത്രം പണി തുടർന്നു. രാജാവ് പരിശോധിച്ചപ്പോൾ ഖജനാവ് കാലിയായതായി കണ്ടു. ക്ഷേത്രനിർമ്മാണം ഏതാണ്ട് തീർന്നെങ്കിലും കല്യാണമണ്ഡപത്തിന്റെ പണി തീരുന്നില്ല. രാജാവ് ഖജനാവിലെ പണം മാറ്റി വിനിയോഗിച്ചു. വിരൂപണ്ണന്റെ കണ്ണുകൾ കുത്തിപ്പൊട്ടിക്കാൻ ഉത്തരവിട്ടു.രാജാവിന്റെ വിശ്വസ്തനും ശിവഭക്തനുമായ വിരൂപണ്ണൻ തന്റെ തെറ്റിന് സ്വയം ശിക്ഷിക്കാൻ നിശ്ചയിച്ചു. പണി തീരാത്ത കല്യാണമണ്ഡപത്തിന്റെ ചുവരിൽ തന്റെ കണ്ണുകൾ ഇടിച്ച് പൊട്ടിച്ച് അവിടെ മരിച്ചു വീണു. അങ്ങനെയാണ് ഗ്രാമത്തിന് ലേപാക്ഷി എന്ന പേരു വീണത്.

എത്തിച്ചേരാൻ
ആന്ധ്ര -കർണാടകാതിർത്തിക്ക് സമീപം ഹിന്ദുപൂർ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ കിഴക്കാണ് ലേപാക്ഷി. ബംഗളൂരുവിൽ നിന്ന് 98 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്താം.