യാത്രയെ പ്രണയിക്കുന്നവർ ഒരിക്കലും ഒഴിച്ചുകൂടാൻ പാടില്ലാത്തിടമാണ് ബേക്കൽ കോട്ട. ചരിത്രത്തെ അടുത്തറിയാൻ ബേക്കൽ നിങ്ങളെ സഹായിക്കും. കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട്ടു നിന്ന് ഏകദേശം എട്ടുകിലോമീറ്റർ സഞ്ചരിച്ചാൽ കേരളത്തിലെ ഏറ്റവും വലിയ ചരിത്ര വിസ്മയമായ ബേക്കൽ കോട്ടയിലെത്താം. നാൽപത് ഏക്കറിൽ പരന്നു കിടക്കുന്ന ചരിത്രവിസ്മയം! യാത്രകളെ വെറുമൊരു ഉല്ലാസത്തിനപ്പുറം കാണുന്നവർ തീർച്ചയായും ബേക്കലിൽ ഒരിക്കലെങ്കിലും പോകണം.
അസ്തമയ സൂര്യന്റെ മനോഹര ദൃശ്യം ആസ്വദിക്കാൻ ബേക്കൽ കോട്ടയിലെത്തുന്നവരേറെയാണ്. കോട്ടയുടെ ചുറ്റുമതിലിലെ ദ്വാരങ്ങൾക്കു പ്രത്യേകതയുണ്ട്. മുകളിലെ ദ്വാരം കടലിൽ ഏറ്റവും ദൂരത്തേക്കും തൊട്ടുതാഴെയുള്ളത് ആദ്യകാഴ്ചയുടെ പകുതി ദൂരത്തേക്കും ഏറ്റവും താഴെയുള്ളത് കോട്ടയുടെ അരികിലേക്കും കാണാനാകുന്ന തരത്തിലുള്ളവയാണ്. ശത്രുസൈന്യങ്ങളുടെ എല്ലാ വശങ്ങളിൽ നിന്നുമുള്ള നീക്കങ്ങൾ പോലും അറിയുന്ന വിധത്തിലായിരുന്നു ഇതിന്റെ നിർമിതി.
കോട്ടയുടെ സമീപം ടിപ്പു സുൽത്താൻ നിർമിച്ച മുസ്ലിം പള്ളിയും പ്രവേശ കവാടത്തിൽ ഒരു ആഞ്ജനേയ ക്ഷേത്രവുമുണ്ട്. നിരീക്ഷണ ഗോപുരവും ആയുധപ്പുരയും ഒട്ടേറെ തുരങ്കങ്ങളും കോട്ടക്കകത്തുണ്ട്. ബേക്കൽ കോട്ടയുടെ തെക്ക് വശത്താണ് ആകർഷകമായി ഒരുക്കിയിരിക്കുന്ന ബേക്കൽ ബീച്ച് പാർക്ക്. കോട്ടയിൽ നിന്നും നേരെ അറബിക്കടലിലേക്കിറങ്ങിച്ചെല്ലാം.
രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചര വരെയാണ് ബേക്കൽ കോട്ടയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഒരേയൊരു തടാകക്ഷേത്രമായ അനന്തപുരക്ഷേത്രം കാസർകോട് നിന്ന് 14 കിലോമീറ്റർ അകലെയാണ്. കാഞ്ഞങ്ങാട്ടു നിന്ന് 48 കിലോമീറ്റർ അകലെയുള്ള റാണിപുരം, നീലേശ്വരത്തു നിന്ന് 38 കിലോമീറ്റർ അകലെയുള്ള മാലോം എന്നിവ അതിസുന്ദരമായ പ്രദേശങ്ങളാണ്. കേരളത്തിലെ കൂർഗ് എന്നറിയപ്പെടുന്ന മാലോമിലെ കൊട്ടഞ്ചേരി മലനിരകൾ പശ്ചിമഘട്ടത്തിന്റെ എല്ലാ സൗന്ദര്യവും വൈവിധ്യവും നിറഞ്ഞ ഇടമാണ്.
എത്തിച്ചേരാൻ
കാസർഗോഡ് ദേശീയപാതയുടെ തെക്കുഭാഗത്ത് 16 കി.മീറ്റർ ദൂരെയാണ് ബേക്കൽ. കാസർഗോഡ് ടൗണിൽ നിന്നും കാഞ്ഞങ്ങാടു നിന്നും ധാരാളം ബസ് സർവ്വീസുകൾ ഉണ്ട്. കോഴിക്കോട് മംഗലപുരം മുംബൈ റൂട്ടിലുള്ള കാസർഗോഡ് റെയിൽവേ സ്റ്റേഷൻ.