വ്യത്യസ്തമായ ഈണങ്ങളൊരുക്കി കയ്യടി വാങ്ങിയ സംഗീത സംവിധായകനാണ് ദീപക് ദേവ്. ഒരുക്കുന്ന പാട്ടുകളിലെല്ലാം ആത്മാംശമുണ്ടാകണമെന്ന് എപ്പോഴും ആഗ്രഹിക്കുന്ന ആളുമാണ് അദ്ദേഹം. ദീപക് ദേവിന്റെ വിശേഷങ്ങൾ.
മമ്മൂക്കയുടെ വാക്ക് പൊന്നായി
മമ്മൂട്ടി ചിത്രമായ ക്രോണിക് ബാച്ചിലറിലൂടെയായിരുന്നു അരങ്ങേറ്റം. എന്റെ ജീവിതത്തിലെ എല്ലാ സന്തോഷത്തിലും ഒരു നിമിത്തം പോലെ മമ്മൂക്കയുടെ സാന്നിദ്ധ്യമുണ്ട്. ഞാൻ സംഗീത സംവിധായകനാകുന്നതിനു മുൻപേ മമ്മൂക്കയുമായി പരിചയമുണ്ട്. മമ്മൂക്ക ചെയർമാനായ ചാനലിൽ വാർത്താ സംപ്രേഷണത്തിന് ഒരു തീം സോംഗ് വേണമായിരുന്നു. ഞാനന്ന് കോളേജിൽ പഠിക്കുന്ന സമയം. വളരെ പെട്ടെന്ന് തന്നെ 12 സെക്കൻഡ് ദൈർഘ്യമുള്ള ഒരു തീം സോംഗ് കമ്പോസ് ചെയ്തു. മമ്മൂക്കയുടെ ചെന്നൈയിലെ വീട്ടിൽപോയാണ് ആ തീം സോംഗ് കേൾപ്പിച്ചത്. അദ്ദേഹത്തിന് ആ മ്യൂസിക് വളരെയധികം ഇഷ്ടപ്പെട്ടു. നീ ഒരിക്കൽ മലയാളത്തിലെ അറിയപ്പെടുന്ന സംഗീതസംവിധായകനാകുമെന്ന് മമ്മൂക്ക അന്ന് എന്നോട് പറഞ്ഞത് ഒരിക്കലും മറക്കാൻ കഴിയില്ല. എന്റെ സ്വപ്നങ്ങളുടെ ആദ്യ കാൽവയ്പ്പായിരുന്നു അത്.ഇപ്പോഴും ആ ചാനൽ തീം സോംഗ് മാറ്റിയിട്ടില്ല. 2003ൽ ഇറങ്ങിയ ക്രോണിക് ബാച്ചിലറിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. പിന്നീട് പത്തു വർഷത്തിന് ശേഷം ഞാനും മമ്മൂക്കയും ഒന്നിച്ച ചിത്രമാണ് ഭാസ്‌ക്കർ ദ റാസ്‌ക്കൽ. എന്റെ മകൾ ആദ്യമായി സിനിമയിൽ പാടിയ ഗാനമാണ് ഭാസ്‌ക്കർ ദ റാസ്‌ക്കലിലെ 'ഐ ലവ് യു മമ്മി...' യു ട്യൂബിലെ സകല റെക്കാഡുകളും ആ ഗാനം തകർത്തു. ഇതിനോടകം മൂന്നുകോടി ആളുകളാണ് ആ പാട്ടു യു ട്യൂബിലൂടെ കണ്ടത്.
ആ നിമിഷങ്ങൾ അനർഘം
ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിൽ ഒന്നായിരുന്നു അത്. യേശുദാസ് സാർ പാടിയ മീശമാധവനിലും പട്ടാളത്തിലുമൊക്കെ ഞാൻ കീബോർഡ് പ്ലെയറായി ജോലി ചെയ്തിട്ടുണ്ട്. ക്രോണിക് ബാച്ചിലറിലെ 'പകൽപൂവേ' എന്ന ഗാനമായിരുന്നു ആദ്യമായി റെക്കാഡ് ചെയ്തത്. കംപോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ദേഹം എനിക്ക് പറഞ്ഞു തന്നു. ഒരു ക്ലാസ് റൂമിൽ ഇരിക്കുന്ന ഫീലാണ് ആ റെക്കാഡിംഗ് അനുഭവം എനിക്ക് തന്നത്. ക്രോണിക് ബാച്ചിലറിൽ യേശുദാസ് സാർ പാടിയ പകൽപൂവേ, ചിരി ചിരിയോ എന്നീ ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു. ഒരു പാട്ടു കമ്പോസ് ചെയ്യുന്ന സമയത്ത് തന്നെ അത് പാടുന്ന ഗായകനെയും ഞാൻ മനസിൽ തീരുമാനിച്ചുറപ്പിച്ചിരിക്കും. അതുകൊണ്ടു തന്നെ റെക്കാഡിംഗ് കഴിഞ്ഞാലും എനിക്ക് വലിയ എക്സൈറ്റ്മെന്റ് തോന്നാറില്ല. കാരണം ആ ഗായകൻ എന്റെ ഗാനം എത്രത്തോളം ഭംഗിയാക്കുമെന്ന് കമ്പോസിംഗ് സമയത്തു തന്നെ എനിക്കറിയാമായിരിക്കും. എന്നാൽ യേശുദാസ് സാറിന്റെ കാര്യത്തിൽ മാത്രം തീർത്തും വ്യത്യസ്തമായ അനുഭവമാണ്. നമ്മൾ ചിന്തിക്കുന്നതിനും നൂറുമടങ്ങു മുകളിലായിരിക്കും അദ്ദേഹം പാടുന്നത്.
അങ്ങനെയൊരു രഹസ്യമില്ല
വിജയരഹസ്യമൊന്നുമില്ല. കലയിൽ അങ്ങനെയൊരു രഹസ്യമില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഉണ്ടെങ്കിൽ എല്ലാവരും അതങ്ങ് എടുത്ത് പ്രയോഗിക്കില്ലേ. ഒരു പാട്ടു കമ്പോസ് ചെയ്യുന്ന സമയത്തെ നമ്മുടെ മാനസികാവസ്ഥ വളരെ പ്രധാനപ്പെട്ടതാണ്. സംവിധായകൻ പറഞ്ഞു തരുന്ന കഥയും അതിന്റെ പശ്ചാത്തലവും കൃത്യമായി നമ്മുടെ മനസിനെ ലോക്ക് ചെയ്യുന്ന സമയത്താണ് ഒരു ഈണം ഉണ്ടാകുന്നത്. കമ്പോസിംഗ് സമയത്തു നമുക്ക് തോന്നുന്ന സംതൃപ്തി തിയേറ്ററിൽ പ്രേക്ഷകനും ലഭിച്ചാൽ നമ്മൾ വിജയിച്ചു. കഠിനാദ്ധ്വാനവും ദൈവാനുഗ്രഹവും ഉള്ളതുകൊണ്ട് മാത്രമാണ് പതിനഞ്ചു വർഷമായി ഈ രംഗത്ത് നിലനിൽക്കുന്നത്. വർഷത്തിൽ വളരെക്കുറച്ചു സിനിമയെ ചെയ്യാറുള്ളൂ.
വിമർശനങ്ങൾക്കും സ്വാഗതം
വിമർശനങ്ങൾ ശ്രദ്ധിക്കാറുണ്ട്. സമൂഹത്തിൽ ഒരു വിഷയത്തെപ്പറ്റി രണ്ടു അഭിപ്രായങ്ങൾ സ്വാഭാവികമാണല്ലോ. എന്റെ പാട്ടുകളിലും അത്തരം വിമർശനങ്ങൾ ഉണ്ടാകാറുണ്ട്. വിമർശനത്തോട് മുഖം തിരിഞ്ഞുനിൽക്കുന്നയാളല്ല ഞാൻ. വിമർശിക്കുമ്പോൾ അതിൽ എത്രത്തോളം ശരിയുണ്ടെന്ന് കണ്ടെത്തി പറ്റിപ്പോയ പിഴവുകൾ തിരുത്താൻ ശ്രമിക്കാറുണ്ട്. മാസ്റ്റർപീസിന്റെ ടീസർ ഇറങ്ങിയപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി നെഗറ്റീവ് കമന്റുകൾ പ്രചരിച്ചു. ടീസറിലെ റാപ്പ് പാടിയഭാഗം മോശമാണെന്നായിരുന്നു വിമർശനം. പരിശോധിച്ചപ്പോൾ കാര്യം ശരിയാണെന്ന് മനസിലായി. അതിനുശേഷം ട്രെയ്ലറിന് ഏറ്റവും മികച്ചരീതിയിൽ റാപ് പാടുന്ന ഒരാളെ കൊണ്ട് പുതിയ രീതിയിൽ പാടിപ്പിച്ചു. ട്രെയ്ലർ യു ട്യൂബിൽ സൂപ്പർ ഹിറ്റായി. ജനക്കൂട്ടത്തിന്റെ സൈക്കോളജി ഒരിക്കലും നമുക്ക് പ്രവചിക്കാൻ കഴിയില്ല.
കലാജീവിതത്തിന്റെ തുടക്കം?
എന്റെ കുട്ടിക്കാലം ദുബായിലായിരുന്നു . അപ്പോഴേ സംഗീതത്തോട് വലിയ താത്പര്യമായിരുന്നു.എന്നാൽ പഠനത്തിൽ വലിയ ഉഴപ്പും. എന്റെ ഉഴപ്പു മാറ്റാൻ അച്ഛൻ ഒരു സൂത്രം പ്രയോഗിച്ചു. പത്താം ക്ലാസ് ഫസ്റ്റ് ക്ലാസിൽ പാസായാൽ കീബോർഡ് വാങ്ങിത്തരാമെന്ന്പറഞ്ഞു. അത് കേട്ടതും എനിക്ക് വലിയ സന്തോഷമായി. എന്നാൽ പഠനത്തിൽ ശരാശരിയിലും താഴെനിൽക്കുന്ന ഞാനെങ്ങനെ ഫസ്റ്റ് ക്ലാസ് വാങ്ങും. അന്നുമുതൽ ഊണും ഉറക്കവും ഉപേക്ഷിച്ചു ഞാൻ പഠിക്കാൻ തുടങ്ങി. ദൈവാനുഗ്രഹത്താൽ എനിക്ക് ഫസ്റ്റ് ക്ലാസ് ലഭിച്ചു.അച്ഛൻ വാക്കു പാലിച്ചു. അതായിരുന്നു എന്റെ സംഗീതജീവിതത്തിലെ വഴിത്തിരിവ്. പതിനഞ്ചാമത്തെ വയസു മുതൽ അച്ഛൻ വാങ്ങിത്തന്ന കീബോർഡിൽ ഫ്‌ളോപ്പി ഡിസ്‌ക് ഉപയോഗിച്ച് മ്യൂസിക് പ്രോഗ്രാമിംഗ് ചെയ്തു തുടങ്ങി. പ്ലസ് ടു കഴിഞ്ഞു എറണാകുളം തേവര കോളേജിൽ ഡിഗ്രിക്ക് ചേർന്നു. കോളേജിലെ എല്ലാ സംഗീത മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങി. ആ സംഗീതയാത്രയിൽ ഇടയ്ക്കെപ്പോഴോ ഒരു പ്രണയത്തിലും അകപ്പെട്ടു.കോളേജിൽ എന്റെ അതേ ക്ലാസിൽ പഠിച്ച പെൺകുട്ടിയായിരുന്നു സ്മിത. ഒടുവിൽ പ്രണയം വിവാഹത്തിന് വഴിമാറി. അങ്ങനെ സ്മിത എന്റെ ജീവിതസഖിയായി.