തലങ്ങും വിലങ്ങും നിര തെറ്റി കിടക്കുന്ന കട്ടകൾ. നിമിഷാർദ്ധം കൊണ്ട് അതു നിറം നോക്കി നിരയൊപ്പിക്കാൻ പെടാപ്പാടാണ്. കട്ട നമുക്കെല്ലാം പരിചയമുള്ള റുബിക്സ് ക്യൂബിക്സ്. അത് ഒന്ന് ശരിയാക്കാൻ തന്നെ തല നന്നായി പുകയ്ക്കണം. എന്നാൽ, അവ ആറെണ്ണം നിരത്തിവച്ച് നിമിഷം കൊണ്ട് കട്ടകൾ ക്രമീകരിക്കുന്ന ഒരു വിദ്വാനുണ്ട് അങ്ങ് ജോർജിയയിൽ. വാകോ മാർഷലാവിച്ച് എന്ന കൗമാരക്കാരൻ
.
കവാകോയുടെ ഉദ്യമം ഗിന്നസ് റെക്കോഡായി. ഒറ്റ ദീർഘശ്വാസമെടുത്ത് ഒരു വലിയ ഗ്ലാസ് ടാങ്കിൽ മുങ്ങിയ വാകോ പൊങ്ങിയത് റുബിക്സ് കള്ളികൾ ക്രമത്തിൽ അടുക്കിയശേഷമാണ്. ബിലിസി എന്ന സ്ഥലത്തെ അക്വ പാർക്കിൽ തടിച്ചുകൂടിയ ജനസഞ്ചയം ശ്വാസമടക്കിപ്പിടിച്ചാണ് ഈ സാഹസം കണ്ടത്. ഒരു മിനിട്ടും 44 സെക്കന്റും മതിയായിരുന്നു ഈ പതിനെട്ടുകാരന് തന്റെ ദൗത്യം പൂർത്തിയാക്കാൻ. 2014 ആഗസ്റ്റിൽ അമേരിക്കയിലെ ന്യൂ ജഴ്‌സി സ്വദേശിയായ ആന്റണി ബ്രൂക്ക്‌സ് അഞ്ച് റൂബിക് ക്യൂബ്‌സ് ക്രമീകരിച്ചതായിരുന്നു ഇതിന് മുമ്പത്തെ ഗിന്നസ് നേട്ടം.
ഗിന്നസ് റെക്കോർഡിലേക്കുള്ള വഴി ഒട്ടും എളുപ്പമുള്ളതായിരുന്നില്ലെന്നും വാകോ പറയുന്നു. കഴിഞ്ഞ ആറ് മാസത്തോളം എല്ലാം ദിവസവും മണിക്കൂറുകൾ വെള്ളത്തിനടിയിൽ പരിശീലനം നടത്തിയാണ് പ്രകടനത്തിന് ഒരുങ്ങിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് പരിശീലിച്ചത്. അല്ലെങ്കിൽ ഈ മരണക്കളി കൈവിട്ടുപോകുമായിരുന്നു എന്നും വാകോ ചൂണ്ടിക്കാട്ടി.