വീടിന്റെ കോലായയിൽ കൗതുകത്തോടെ നോക്കി നിൽക്കുന്ന കുട്ടികളുടെ മുഖത്തു നോക്കുമ്പോൾ കർക്കടത്തെയ്യങ്ങളായി എത്തുന്ന കുട്ടിക്കോലങ്ങൾക്ക് അനുഷ്ഠാനത്തിന്റെ ഗൗരവഘട്ടത്തിലും ചുണ്ടിൽ ചിരിവിടരും. നോക്കി നിൽക്കുന്ന ആ കുട്ടികൾ അവന്റെ സഹപാഠികളോ കളിക്കൂട്ടുകാരോ ആയതിനാലാണത്. ആടിയായും വേടനായും ഗളിഞ്ചനായുമൊക്കെ പഞ്ഞക്കർക്കടകത്തിലെത്തുന്ന കുട്ടിത്തെയ്യങ്ങൾ തങ്ങളുടെ കൂട്ടുകാരനല്ലേ എന്ന് തിരിച്ചറിയുമ്പോൾ കുട്ടികളുടെ കൗതുകം വർദ്ധിക്കുന്നു.
മുൻകാലങ്ങളിൽ കർക്കടകമാസം അക്ഷരാർത്ഥത്തിൽ തന്നെ പഞ്ഞമാസമായതു കൊണ്ട് കർക്കടകത്തെയ്യങ്ങൾ തെയ്യംകെട്ട് സമുദായങ്ങളിൽ പെട്ടവർക്ക് ഒരു ആശ്വാസമായിരുന്നു. ഓരോ ഗ്രാമത്തിലും നിശ്ചയിക്കപ്പെട്ട പരിധിയിൽ പെട്ട വീടുകളിൽ വേടൻപാട്ടോ ആടിയാട്ടമോ നടത്തി കിട്ടുന്ന അരിയും നാണയത്തുട്ടുകളും കൊണ്ടു വേണം അവർക്ക് പഞ്ഞം മറികടക്കാൻ. കളിയാട്ടക്കാലത്ത് തെയ്യങ്ങളായി വന്ന് തങ്ങളെ അനുഗ്രഹിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഈ കനലാടിക്കുടുംബങ്ങളെ പഞ്ഞമാസത്തിൽ സഹായിക്കുക എന്നത് ഇതരസമുദായങ്ങളുടെ കടമയും കർത്തവ്യവുമായി കണക്കാക്കപ്പെട്ടതു കൊണ്ടുകൂടിയാവണം ഇത്തരമൊരു അനുഷ്ഠാനം നിലവിൽ വന്നത്. ഇന്ന് കർക്കടകത്തിന് മാത്രമായി ഒരു ദാരിദ്ര്യമുദ്രയില്ല. കളിയാട്ടക്കാലത്ത് തെയ്യംകെട്ടിയാടുന്ന കോലധാരികളും തെയ്യമില്ലാത്ത സമയത്ത് മറ്റ് ജോലികളൊക്കെ ചെയ്യാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് കർക്കടകത്തെയ്യം അവരെ സംബന്ധിച്ച് ഒരു അനിവാര്യതയാകുന്നില്ല. ഈശ്വരീയഭാവനയോടെ ജീവിക്കുകയും പാരമ്പര്യമൂല്യങ്ങളെയും ഗൃഹാതുരത്വത്തെയും താലോലിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന് മുന്നിൽ തങ്ങളുടെ ദൗത്യം നിർവ്വഹിക്കേണ്ടതുള്ളതു കൊണ്ട് ഇന്നും പരമ്പരാഗത അനുഷ്ഠാനങ്ങൾ തുടർന്നുവരുന്ന തെയ്യക്കാർ ഒരുപാടുണ്ട് വടക്കെ മലബാറിൽ. പഴയതുപോലെ എല്ലാ പ്രദേശത്തും ആടിയും വേടനും ഗളിഞ്ചനുമെത്താറില്ല. ഗ്രാമങ്ങളിലെ ഊടുവഴികളിലോ നഗരത്തിരക്കിലോ കർക്കടകമാസത്തിൽ ഒരിക്കലെങ്കിലും ഒറ്റച്ചെണ്ടയുടെ ഒറ്റപ്പെട്ട ശബ്ദം കേൾക്കുമ്പോൾ കർക്കടകത്തെയ്യത്തിന്റെ വരവായല്ലോ എന്ന് ഓർക്കും.
മലയസമുദായത്തിലും വണ്ണാൻ സമുദായത്തിലും പെട്ട മുതിർന്ന കോലധാരികളെല്ലാം അഞ്ചോ ആറോ വയസ്സുമുതൽ കർക്കടകത്തിലെ കുട്ടിത്തെയ്യങ്ങൾ കെട്ടിയാണ് തങ്ങളുടെ അനുഷ്ഠാനകലാജീവിതത്തിന് തുടക്കം കുറിച്ചത്. സ്‌കൂളിൽ പോകുന്നതിനേക്കാൾ പ്രാധാന്യം പഞ്ഞമാസം കടന്നുകിട്ടാൻ സഹായിക്കുന്ന കർക്കടകത്തെയ്യങ്ങൾക്ക് കഴിഞ്ഞ തലമുറ പ്രാധാന്യം നൽകിയിരുന്നു. എന്നാൽ ഇന്ന് സ്‌കൂളിലെ ക്ലാസ്സ് ഒഴിവാക്കി ആടിയും വേടനും കെട്ടാൻ മക്കളെ പ്രോത്സാഹിപ്പിക്കാത്തവരാണ് മിക്ക തെയ്യക്കാരും. അതുകൊണ്ടുതന്നെ അവധിദിവസങ്ങളിൽ മാത്രമായി കർക്കടകത്തെയ്യങ്ങളുടെ സഞ്ചാരം. കർക്കടകത്തിലെ ദുരിതങ്ങളകറ്റാനാണ് കർക്കടകത്തെയ്യങ്ങൾ നാട്ടിലിറങ്ങുന്നത്. പാശുപതാസ്ത്രം ലഭിക്കാൻ തപസ് ചെയ്ത അർജുനനെ പരീക്ഷിക്കാനായി ശിവപാർവ്വതിമാർ വേടരൂപത്തിൽ പ്രത്യക്ഷപ്പെട്ട കിരാതകഥയാണ് ആടി, വേടൻ, ഗളിഞ്ചൻ എന്നീ കർക്കടകത്തെയ്യങ്ങളുടെ ഇതിവൃത്തം. വേടൻ ശിവരൂപവും ആടി പാർവ്വതീരൂപവും ഗളിഞ്ചൻ അർജുനനും എന്നാണ് സങ്കൽപം.
മലയസമുദായത്തിൽ പെട്ടവർ വീടുകൾ തോറും ചെന്ന് നടത്തുന്ന വേടൻപാട്ട് എന്ന അനുഷ്ഠാനം കർക്കടകമാസത്തിൽ മൊത്തമുണ്ടാകും. കർക്കടകത്തിലെ ഇന്ന ദിവസം മുതൽ ഇന്ന ദിവസം വരെ ഇന്നദേശത്ത് എന്ന രീതിയിലാണ് വടക്കെ മലബാറിലെ ഓരോ ഗ്രാമത്തിലും ഈ അനുഷ്ഠാനം നടത്തിപ്പോന്നിരുന്നത്. കളിയാട്ടരംഗത്ത് ഇന്നും നിലനിന്നു പോരുന്ന ചെറുജന്മാവകാശം എന്ന വ്യവസ്ഥ പ്രകാരം ഓരോ പ്രദേശത്തിനും തെയ്യംകെട്ടാൻ അവകാശപ്പെട്ട വിവിധ കനലാടി (കോലധാരി) സമുദായങ്ങളുടെ ജന്മാവകാശമുള്ള കുടുംബം ഉണ്ടായിരിക്കും. ഇവരെ ജന്മാരി എന്നാണ് വിളിക്കുന്നത്. മലയസമുദായത്തിലെ ഒരു ചെറിയ കുട്ടിയാണ് വേടൻ വേഷം കെട്ടുന്നത്. ചെറിയൊരു കീരിടവും തലപ്പാളിയും ചുവന്ന ഉടുത്തുകെട്ടും മാറിൽ ചട്ടയും മാലകളുമാണ് വേടന്റെ വേഷം. മുഖത്ത് ചുകപ്പും മഞ്ഞയും ചായം തെച്ചുപിടിപ്പിക്കുകയും കണ്ണിൽ മഷിയിടുകയും ചെയ്യും. ഓരോ ഹിന്ദു ഭവനത്തിന്റെയും മുറ്റത്ത് വേടൻ ആടുന്നു. വേടൻ കെട്ടിയ കുട്ടിയുടെ കൂടെയുള്ള പുരുഷനാണ് ചെണ്ടകൊട്ടി പാട്ടു പാടുന്നത് (അത് ആ കുട്ടിയുടെ അച്ഛനോ അമ്മവനോ ആയിരിക്കും). അയാൾ ചെണ്ടയിൽ താളംപിടിച്ച് വേടൻപാട്ട് പാടുമ്പോൾ പാട്ടിനൊപ്പിച്ച് കുട്ടിവേഷം മുന്നോട്ടും പിന്നോട്ടും ചുവടുകൾ വയ്ക്കും. പണ്ടു കാലത്ത് സ്ത്രീകളും ഇവർക്കൊപ്പമുണ്ടാകാറുണ്ട് (മിക്കവാറും കുട്ടിയുടെ അമ്മയായിരിക്കും). ഇപ്പോൾ സ്ത്രീകൾ കൂടെ വരുന്ന പതിവ് കുറവാണ്. വേടൻ മുറ്റത്തെത്തിക്കഴിഞ്ഞാൽ വീടിന്റെ പടിഞ്ഞാറ്റയിലോ പൂജാമുറിയിലോ വിളക്ക് കത്തിച്ചു വയ്ക്കും. വേടനാട്ടം കഴിഞ്ഞാൽ വീട്ടുകാർ അരിയും പണവും നൽകി അവരെ യാത്രയാക്കും. ഇതിന് മുമ്പായി ആധിവ്യാധികൾ ഒഴിഞ്ഞുപോകാനും വീട്ടിൽ ഐശ്വര്യം ഉണ്ടാകാനും ജ്യേഷ്ഠയെ പുറത്തുകളഞ്ഞ് ശ്രീഭഗവതിയെ അകത്തേക്ക് സ്വീകരിക്കുന്നതായി സങ്കൽപിച്ച് രണ്ടുപാത്രങ്ങളിൽ കലക്കി വച്ച കറുപ്പും ചുവപ്പും ഗുരുസികൾ വീട്ടുപറമ്പിന്റെ വടക്കും തെക്കും ഭാഗത്തേക്ക് മറിക്കും.
കർക്കിടകം പതിനാറു മുതൽ ആടി വേഷവുമായി വണ്ണാൻ സമുദായക്കാരും വീടുകൾ തോറും എത്തി പാട്ടുപാടി നൃത്തം വയ്ക്കുന്ന പതിവുണ്ട്. ആടിമാസത്തിൽ (കർക്കടകം) നടത്തുന്ന അനുഷ്ഠാനമായതു കൊണ്ടാകാം ആടി എന്ന് ഈ വേഷത്തിന് പേരുവന്നത്. വേടന്റെയും ആടിയുടെയും വേഷവിധാനങ്ങൾ ഏതാണ്ട് സമാനമാണ്. ഈ രണ്ട് അനുഷ്ഠാനങ്ങൾക്കും പാടുന്ന പാട്ടിന്റെ ഇതിവൃത്തവും ഒന്നു തന്നെ. അനുഷ്ഠാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും ഒന്നാണ്.
കിരാതകഥയാണ് ഇതിവൃത്തമെങ്കിലും വേടൻ പാട്ടിനും ആടിപ്പാട്ടിനും ഭാഷാപരമായ വ്യത്യാസങ്ങളേറെയുണ്ട്. ആടിപ്പാട്ടിന്റെ ഭാഷ കുറേക്കൂടി ആധുനികമാണ്. വേടൻപാട്ടിനും വേടനാട്ടത്തിനും ജനമദ്ധ്യത്തിൽ പ്രചാരം സിദ്ധിച്ചതിന് ശേഷമാണ് ആടിപ്പാട്ടും ആടിയാട്ടവും പ്രചരിച്ചതെന്ന് പാട്ടിന്റെ ഭാഷാപരമായ വ്യത്യാസത്തിൽ നിന്ന് അനുമാനിക്കാമെന്ന് ഈ പാട്ടുകൾ ശേഖരിച്ച് പ്രസിദ്ധപ്പെടുത്തിയ ചിറക്കൽ ടി.ബാലകൃഷ്ണൻ നായർ അഭിപ്രായപ്പെടുന്നു. പാശുപതാസ്ത്രത്തിനായി തപസ്സു ചെയ്ത അർജുനനുമായി കിരാതരൂപത്തിൽ പ്രത്യക്ഷനായ ശിവൻ യുദ്ധം ചെയ്തതും പിന്നീട് അർജുനനിൽ പ്രീതനായ ശിവൻ പാശുപതാസ്ത്രം സമ്മാനിക്കുന്നതുമായ കിരാതകഥയിലെ സംഭവം നടന്നത് കർക്കടകമാസത്തിലാണെന്ന പുരാസങ്കൽപത്തിന്റെ അടിസ്ഥാനത്തിലാണ് കർക്കടകത്തിലെ ആടിവേടൻമാർ. വനഭൂമിയിലെ തിന കൃഷിയെ കുറിച്ചും നായാട്ടിനെ കുറിച്ചുമൊക്കെയുള്ള മനോഹരമായ വർണനകൾ വേടൻ പാട്ടിലുണ്ട്.
ഇവിടം വാഴ്ക നീണാൾ, ഇവിടത്തെ പിണിയെല്ലാമൊഴിക,
മക്കൾ വാഴ്ക, മരുമക്കൾ വാഴ്ക,
സ്ഥാനം വാഴ്ക, തറവാട് വാഴ്ക....
എന്നിങ്ങനെ പിണിയെല്ലാമൊഴിഞ്ഞ് വീട്ടിൽ ഐശ്വര്യം വരുത്തണമെന്ന് ആശംസിക്കുന്നു ഈ പാട്ട്.
കാസർക്കോട് ജില്ലയിൽ മാത്രം കെട്ടിവരുന്ന കർക്കടകത്തെയ്യമാണ് ഗളിഞ്ചൻ. കോപ്പാളർ എന്ന ഗോത്രവിഭാഗമാണ് ഗളിഞ്ചൻ തെയ്യം കെട്ടുന്നത്. നാട്ടിലെ മഹാമാരികൾ ഒഴിപ്പിക്കുന്ന ആൾ എന്ന് അർത്ഥമുള്ള കളഞ്ച എന്ന തുളുവാക്കിൽ നിന്നാണത്രെ ഗളിഞ്ചൻ എന്ന വാക്കിന്റെ ഉത്ഭവം. വേഷത്തിൽ വേടൻ, ആടി എന്നിവയുമായി സാമ്യമുണ്ടെങ്കിലും ഗളിഞ്ചന്റെ മുഖത്തെഴുത്ത് വേറിട്ടതാണ്. കൈയിൽ ഒരു ഓലക്കുടയുമായാണ് ഗളിഞ്ചൻ സഞ്ചരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. കാഞ്ഞങ്ങാട് മഡിയൻ കൂലോം, കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ ആടി, വേടൻ, ഗളിഞ്ചൻ എന്നീ കർക്കടക തെയ്യങ്ങളുടെ ഒത്തുചേരൽ നടക്കാറുണ്ട്.
കർക്കടകം പതിനാറു മുതൽ രണ്ടോ മൂന്നോ ദിവസം മാത്രം വീടുകൾ തോറും കയറിയിറങ്ങുന്ന കർക്കടത്തെയ്യമാണ് മാരിത്തെയ്യം. അഞ്ച് മാരിത്തെയ്യങ്ങളൊന്നിച്ചാണ് സഞ്ചാരം. ശരീരം മുഴുവൻ മൂടത്തക്കവിധം കുരുത്തോലയുടുപ്പ് ധരിച്ചുകൊണ്ടുള്ള നൃത്തമാണ് പ്രത്യേകത. പഴയങ്ങാടി ഭാഗത്തു മാത്രമാണ് ഇതു കണ്ടുവരുന്നത്.
മാരിക്കലിയൻ, മാമാരിക്കലിയൻ, മാരിക്കലച്ചി, മാമായക്കലച്ചി, മാരിക്കുളിയൻ, എന്നീ അഞ്ച് തെയ്യക്കോലങ്ങളാണ് മാരിത്തെയ്യങ്ങൾ. പുലയസമുദായത്തിൽ പെട്ടവർ നടത്തുന്ന ഈ അനുഷ്ഠാനത്തിന് നേതൃത്വം നൽകുന്നത് സമുദായത്തിലെ പൊള്ള എന്ന സ്ഥാനികനാണ്. നാടുവാഴുന്ന തമ്പുരാനും തിരുവർകാട്ട് ഭഗവതിക്കുമടക്കം ശനിബാധയുണ്ടായതിനെ തുടർന്ന് നടത്തിയ പ്രശ്നചിന്തയിൽ പുലയസമുദായസ്ഥാനികനായ പൊള്ളയ്ക്ക് മാത്രമേ ബാധയൊഴിപ്പിക്കാൻ കഴിയൂ എന്ന് തെളിഞ്ഞതിനെ തുടർന്നാണ് മാരിത്തെയ്യങ്ങൾ കെട്ടിയാടിത്തുടങ്ങിയതെന്നാണ് ഐതിഹ്യം.