സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം വ്യക്തിയുടെ മാനസിക ആരോഗ്യത്തിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സ്വയം നിയന്ത്രിക്കുന്ന ടൂളുമായി ഫേസ്ബുക്കും ഇൻസ്‌റ്റഗ്രാമും. എത്രനേരം ഫേസ്ബുക്കിൽ സ്‌ക്രോളിംഗ് തുടരണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാൻ കഴിയുന്ന വിധത്തിലാണ് സംവിധാനം. ഉപഭോക്താവ് മുൻകൂട്ടി സെറ്റ് ചെയ്യുന്ന സമയമെത്തുമ്പോൾ റിമൈൻഡറിലൂടെ ഫേസ്ബുക്ക് ഇക്കാര്യം ഓർമിപ്പിക്കും. എത്ര നേരം ഫേസ്ബുക്ക് ഉപയോഗിച്ചുവെന്നായിരിക്കും മുന്നറിയിപ്പ്.
എന്നാൽ ഇക്കാര്യം വേണ്ടത്ര ലക്ഷ്യത്തിലെത്തില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ആളുകളെ കൂടുതൽ നേരം ഫേസ്ബുക്കിൽ തുടരാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ഫേസ്ബുക്ക് തന്നെ തയ്യാറാക്കിയ പ്രോഗ്രാമാണ് ഇതിന് പിന്നിലെന്നും ഇക്കൂട്ടർ ആരോപിക്കുന്നു. എന്നാൽ കൂടുതൽ നേരം ഫേസ്ബുക്ക് ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ഒരു ഓർമപ്പെടുത്തൽ ഉണ്ടാകുന്നത് നല്ലതാണെന്നും ഇവർ അഭിപ്രായപ്പെടുന്നു.