temple-rictual

നിവേദ്യമായി ഭക്തകർ ക്ഷേത്രങ്ങളിൽ പലതും സമർപ്പിക്കാറുള്ളത്. പാൽപ്പായസും വെണ്ണയും ഉണ്ണിയപ്പവും മുതൽ മുട്ടയും കോഴിയിറച്ചിയും വരെ സമർപ്പിക്കുന്ന ക്ഷേത്രങ്ങളുണ്ട്. എന്നാൽ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് 25 കിലോമീറ്റർ അകലെ ആളിയാർ പുഴയുടെ തീരത്തൊരു ക്ഷേത്രമുണ്ട്. ചുവന്ന മുളകാണ് ഇവിടത്തെ പ്രധാന നിവേദ്യം. മുളക് വെറുതെ നിവേദിക്കുകയല്ല അരച്ച് വിഗ്രഹത്തിൽ തേയ‌്ക്കണം. വിഗ്രഹത്തിൽ മുളകരച്ച് തേക്കുന്നതിന് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്ന് തവണയാണ് മുളകരച്ച് തേക്കേണ്ടത്. അതിനു ശേഷം തിരിഞ്ഞ് നോക്കാതെ ആഗ്രഹിച്ച കാര്യം പ്രാർത്ഥിച്ചുകൊണ്ട് വേണം ക്ഷേത്രത്തിൽ നിന്നും പുറത്തേക്കിറങ്ങാൻ.

പിന്നീട് മറ്റെവിടെയും പോകാതെ സ്വന്തം വീട്ടിലേക്കുതന്നെ മടങ്ങണം. അത്യാവശ്യമെങ്കിൽ ഭക്ഷണം കഴിക്കാൻ മാത്രം എവിടെയെങ്കിലും ഇറങ്ങാം. ഇതിലെന്തെങ്കിലും

വീഴ്ചവന്നതാൽ പ്രാർത്ഥനയുടെ ഫലം കിട്ടില്ല. കാര്യങ്ങൾ കറക്ടായി ചെയ്താൽ ആഗ്രഹിച്ച കാര്യം മൂന്നുമാസത്തിനുള്ളിൽ നടക്കുമെന്നാണ് വിശ്വാസം. ഫലസിദ്ധി ലഭിച്ച് കഴിഞ്ഞാൽ പിന്നീട് ഒരു തവണ കൂടി ക്ഷേത്രത്തിൽ എത്തണം. മുളകരച്ചു തേച്ച കല്ലിൽ കരിക്ക് കൊണ്ട് അഭിഷേകം നടത്തി സന്തോഷവും ദേവിയോടുള്ള നന്ദിയും പ്രകടിപ്പിക്കണം. അപ്പോൾ മാത്രമാണ് പ്രാർത്ഥന പൂർത്തിയാകുന്നത്. അതുപോലെ തന്നെ സങ്കടങ്ങൾ എഴുതി ദേവിയുടെ കൈയിൽ കൊടുക്കുന്നത് ദുരിതശമനത്തിന് നല്ലതാണെന്നും പറയപ്പെടുന്നു.ശ്രീരാമൻ നിർമിച്ചതാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹമെന്നാണ് പറയപ്പെടുന്നത്. രാമ - രാവണ യുദ്ധത്തിന് മുൻപ് ശ്രീരാമൻ ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചിട്ടാണ് പോയതെന്നും വിശ്വസിക്കപ്പെടുന്നു.