rahul
കൊച്ചി: കേരളത്തിലുണ്ടായ പ്രളയക്കെടുതി നേരിടാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിനായി പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെടുമ്പാശേരിയിൽ ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ സന്ദർശിക്കുകയായിരുന്നു രാഹുൽ.

പ്രളയക്കെടുതിയിൽപെട്ടവർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഉടൻ നൽകണം. പ്രളയക്കെടുതി രാഷ്ട്രീയവത്കരിക്കാനില്ല. താൻ കേരളത്തിലെത്തിയത് ജനങ്ങളുടെ വേദന നേരിട്ട് മനസിലാക്കാനാണ്. അങ്ങനെയാരു അവസരത്തിൽ രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്ന് പ്രളയം മനുഷ്യ നിർമ്മിതമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശ്രദ്ധയിൽപെടുത്തിയപ്പോൾ രാഹുൽ മറുപടി നൽകി.  

പ്രളയത്തെ നേരിട്ട കേരളത്തിലെ ജനങ്ങളുടെ മനസാന്നിദ്ധ്യം അത്ഭുതപ്പെടുത്തുന്നതാണ്. പ്രളയത്തെ നേരിട്ട രീതിയെ താൻ അഭിനന്ദിക്കുകയാണ്.   ഭരണമില്ലെങ്കിലും കോൺഗ്രസിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തൃപ്തി നൽകുന്നതാണ്. കേരളത്തിന് വേണ്ടി തന്നാലാകുന്നതെല്ലാം ചെയ്യുമെന്നും രാഹുൽ ഉറപ്പ് നൽകി.  
 
മാധവ് ഗാഡ്ഗിൽ കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പാക്കേണ്ട ആവശ്യകതയെ കുറിച്ചുള്ള ചോദ്യങ്ങളോട് രാഹുൽ പ്രതികരിച്ചില്ല.  

അതേസമയം,​ വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ രാഹുൽ സന്ദർശിക്കുന്നില്ല.  പകരം ഇടുക്കി ചെറുതോണിയിലെ പ്രദേശങ്ങൾ സന്ദർശിക്കും.