ശ്രീനഗർ: ജമ്മുകാശ്‌മീരിലെ അനന്തനാഗിൽ ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദിയെ സൈന്യം വധിച്ചതിന് പിന്നാലെ ഭീകരർ നടത്തിയ ആക്രമണത്തിൽ നാല് പൊലീസുകാർക്ക് ജീവൻ നഷ്ടമായി. ഷോപ്പിയാനിലെ നന്ത്നാഗിലെ ബൊൻഗാമിൽ വച്ചായിരുന്നു പൊലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായത്.
ഡിവൈ.എസ്.പിക്ക് അകമ്പടി പോയ ശേഷം ബൊൻഗാമിൽ വാഹനം അറ്റക്കുറ്റപ്പണി നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പഴക്കടയ്ക്ക് സമീപം ഒളിച്ചിരുന്ന തീവ്രവാദികൾ പൊലീസ് വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് പൊലീസുകാർ സംഭവ സ്ഥലത്തും മറ്റുള്ളവർ ആശുപത്രിയിലുമാണ് മരിച്ചത്. കോൺസ്റ്റബിൾമാരായ ആദിൽ അഹമ്മദ്, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് ഇഷ്ഫഖ്, ജവീദ് അഹമ്മദ് എന്നിവരാണ് മരിച്ചത്.
കൊല്ലപ്പെട്ട പൊലീസുകാരിൽ നിന്ന് മൂന്ന് എ.കെ47 തോക്കുകളും ഭീകരർ തട്ടിയെടുത്തു. സൈന്യം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.