കോട്ടയം: ലൈംഗികാരോപണ കുറ്റം നേരിടുന്ന ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വധിക്കാൻ ശ്രമിക്കുന്നെന്ന പരാതിയുമായി ആരോപണമുന്നയിച്ച കന്യാസ്ത്രീ കുറുവിലങ്ങാട് പൊലീസിനെ സമീപിച്ചു. ബിഷപ്പിന് കീഴിൽ ജോലി ചെയ്യുന്ന ഫാദർ ലോറൻസ് ചിറ്റുപറമ്പിലിന്റെ സഹോദരൻ തോമസ് ചിറ്റുപറമ്പിലാണ് വധശ്രമത്തിന് നീക്കം നടത്തിയതെന്ന് കന്യാസ്ത്രീ പരാതിയിൽ ആരോപിച്ചു. പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
കുറവിലങ്ങാട് മഠത്തിലെ ജോലിക്കാരനായ അസാം സ്വദേശി പിന്റു വഴിയാണ് തന്നെ അപായപ്പെടുത്താനുള്ള നീക്കം നടത്തിയത്. യാത്രചെയ്യാറുള്ള ഇരുചക്ര വാഹനത്തിന്റെ ബ്രേക്ക് കേടാക്കാനും വാൽട്യൂബ് ലൂസാക്കി വയ്ക്കാനും ഫോണിലൂടെയും നേരിട്ടും പിന്റുവിനെ തോമസ് നിർബന്ധിച്ചിരുന്നു. കന്യാസ്ത്രീകൾ പുറത്ത് പോകുന്ന സമയം തന്നെ അറിയിക്കണമെന്നും തോമസ് ചിറ്റുപറമ്പിൽ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. മഠത്തിന് പുറത്തെത്തി പിന്റുവിനെ കാണാൻ വൈദികൻ ശ്രമിച്ചെന്നും കന്യാസ്ത്രീ പറയുന്നു. ഇന്നലെയാണ് ഇക്കാര്യം പിന്റു കന്യാസ്ത്രീയെ അറിയിച്ചത്. ഇതിന് പിന്നാലെ കന്യാസ്ത്രീ പരാതി നൽകുകയും ചെയ്തു. കന്യാസ്ത്രീയുടെ കാലടിയിലുള്ള സഹോദരിയെ കണ്ട് ബിഷപ്പിന് എന്തെങ്കിലും സംഭവിച്ചാൽ ഒരാളെയും വെറുതെ വിടില്ലെന്ന് തോമസ് ചിറ്റുപറന്പിൽ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.
പരാതി സത്യം: കന്യാസ്ത്രീയുടെ സഹോദരൻ
കന്യാസ്ത്രീ പൊലീസിന് നൽകിയ പരാതി സത്യമാണെന്ന് സഹോദരൻ സ്ഥിരീകരിച്ചു. ലോറൻസ് എന്ന വൈദികന്റെ അനുജനാണ് ഫോണിൽ വിളിച്ചതെന്നും ഇയാൾ മുന്പും ഭീഷണിപ്പെടുത്തിയിരുന്നതായും സഹോദരൻ വെളിപ്പെടുത്തി.