റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അടിയന്തരാവസ്ഥയിലേക്ക് നയിക്കുകയാണെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് ലാലു പ്രസാദ് യാദവ് ആരോപിച്ചു. റോമാ സാമ്രാജ്യം കത്തുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെപ്പോലെയാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറെന്നും അദ്ദേഹം ആരോപിച്ചു. ഭീമാ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കാലിത്തീറ്റ കുംഭകോണക്കേസിൽ ജയിൽവാസം അനുഭവിക്കുന്ന ലാലുവിന് ജാർഖണ്ഡ് ഹൈക്കോടതി ചികിത്സാ ആവശ്യങ്ങൾക്ക് വേണ്ടി ആറ് ആഴ്‌ചത്തെ പരോൾ അനുവദിച്ചിരുന്നു. ഇക്കാലയളവിൽ പൊതുചടങ്ങുകളിൽ പങ്കെടുക്കരുത്, രാഷ്ട്രീയ പ്രവർത്തനം നടത്തരുത്, പ്രസ്‌താവനകൾ പാടില്ല തുടങ്ങിയ കർശന നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്. പരോൾ കാലയളവ് മൂന്ന് മാസം കൂടി നീട്ടണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ കോടതി നിരസിച്ചിരുന്നു. പരോൾ കാലാവധി പൂർത്തിയാക്കി വ്യാഴാഴ്‌ച കോടതിയിൽ ഹാജരാകാൻ ഇരിക്കെയാണ് ലാലു പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
എല്ലാകാര്യങ്ങളിലും മോദി പരാജയമാണ്. ബുദ്ധിജീവികളെയും എഴുത്തുകാരെയും വ്യാപകമായി തടങ്കലിടുകയാണ്. ചെറിയ കാര്യങ്ങൾ പറഞ്ഞ് ബി.ജെ.പിക്കാർ അല്ലാത്ത നേതാക്കളെ ശിക്ഷിക്കുകയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബി.ജെ.പി നേരിടാൻ ആഗ്രഹിക്കുന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ലാലു ആരോപിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാൻ തന്റെ കുടുംബാംഗങ്ങളെ ഒരു കേസിൽ നിന്നും മറ്റൊന്നിലേക്ക് വലിച്ചിഴയ്‌ക്കുകയാണ്. ഐ.ആർ.ടി.സി ഹോട്ടൽ പണമിടപാടുമായി ബന്ധപ്പെട്ട് തന്റെ ഭാര്യ റാബ്‌റി ദേവിക്കും മകൻ തേജസ്വിനി യാദവിനും എതിരെയുള്ള ആരോപണങ്ങൾ തെറ്റാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത പ്രധാനമന്ത്രി ആരായിരിക്കണമെന്ന കാര്യത്തിൽ സംവാദങ്ങൾ നടത്തി സമയം പാഴാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാക്കളിൽ ഭൂരിഭാഗവും രാഷ്ട്രീയ പരിചയമുള്ളവരാണ്. സമയമെത്തുമ്പോൾ പ്രധാനമന്ത്രിയുടെ കാര്യത്തിൽ സമവായമുണ്ടാക്കണം. ഇക്കാര്യം വലിയ പ്രശ്‌നമാകില്ലെന്നും അദ്ദേഹം പറഞ്ഞു.