naxal

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് മനുഷ്യാവകാശ പ്രവ‌ർത്തകരെ അറസ്‌റ്റ് ചെയ്‌തതിൽ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. അറസ്‌റ്റിലായവരെ കസ്‌റ്റഡിയിൽ വയ്‌ക്കരുതെന്നും വേണമെങ്കിൽ വീട്ടുതടങ്കലിലാക്കാമെന്നും സുപ്രീം കോടതിയും ഉത്തരവിട്ടിട്ടുണ്ട്. എതിർപ്പുകൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. പൂനെ പൊലീസിന്റെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ തുടങ്ങിയ ക്യാംപയിൻ ട്രെൻഡിംഗ് ലിസ്‌റ്റിൽ ഇടംപിടിച്ചു.

മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്‌റ്റിനെ പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇത്തരത്തിൽ ബി.ജെ.പി അനുഭാവിയും ചലിചിത്രകാരനുമായ വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റാണ് സോഷ്യൽ മീഡിയയിലെ ക്യാംപയിന് തുടക്കം കുറിച്ചത്. അർബൻ നക്‌സലുകൾക്ക് വേണ്ടി വാദിക്കുന്നവരുടെ പട്ടികയുണ്ടാക്കണമെന്ന വിവേകിന്റെ ട്വീറ്റിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. തൊട്ടുപിന്നാലെ ഞാനും അർബൻ നക്‌സലാണെന്ന് അർത്ഥം വരുന്ന #MeTooUrbanNaxal  എന്ന ക്യാംപയിൻ തുടങ്ങി. മണിക്കൂറുകൾ കൊണ്ട് ട്വിറ്റർ ഇന്ത്യയുടെ ട്രെൻഡിംഗ് ലിസ്‌റ്റിൽ ഈ ഹാഷ്‌ടാഗ് ഇടംപിടിച്ചു. വിവേകിനെ പിന്തുണച്ച് കൊണ്ടും നിരവധി പേർ ട്വീറ്റ് ചെയ്യുന്നുണ്ട്.