mamata-banarji,-modi

കൊൽക്കത്ത: നിരോധിച്ച നോട്ടുകളിൽ ഭൂരിഭാഗവും തിരിച്ചെത്തിയെന്ന റിസർവ് ബാങ്കിന്റെ റിപ്പോർട്ടിന് പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നിരോധിച്ചതിന്റെ 99.3 ശതമാനവും തിരിച്ചെത്തിയ സാഹചര്യത്തിൽ ഇത്രയും കള്ളപ്പണം എവിടെ പോയെന്നും കള്ളപ്പണം കൈവശമുള്ള ചിലർക്ക് അത് വെളുപ്പിക്കാൻ വേണ്ടിയാണോ നോട്ട് നിരോധനം ആസൂത്രണം ചെയ്തതെന്നും മമത ചോദിച്ചു.  തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മമതയുടെ വിമർശനം.

''കർഷകർ, അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്നവർ, ചെറുകിട വ്യവസായികൾ, കഠിനാദ്ധ്വാനം ചെയ്യുന്ന മദ്ധ്യവർഗ വിഭാഗങ്ങളിലെ ജനങ്ങൾ എന്നിവരെയാണ് നോട്ട് നിരോധനം കാര്യമായി ബാധിച്ചത്. ഇന്ന് ആ പണം ഒക്കെ തിരിച്ചെത്തിയെന്ന് പറയുന്നു. എന്തൊരു ദുരന്തമാണിത്. എന്തൊരു നാണക്കേടാണിത്""- അവർ ഫേസ്ബുക്കിൽ കുറിച്ചു.

കള്ളപ്പണം കണ്ടെത്തുന്നതിന്റെ ഭാഗമായി അസാധുവാക്കിയ 500,​ 1000 രൂപ നോട്ടുകളിൽ ​ 99.3 ശതമാനവും തിരിച്ചു വന്നതായാണ് റിസർവ് ബാങ്ക് അറിയിച്ചത്. 2016 നവംബർ എട്ടിന് അർദ്ധരാത്രി അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളിൽ 15.31 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് വാർഷിക അവലോകന റിപ്പോർട്ടിൽ പറയുന്നു. 15.41 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് ആകെ അസാധുവായത്. 10,​720 കോടിയുടെ നോട്ടുകൾ തിരിച്ചെത്തിയില്ല.