ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ഹെപ്‌റ്റാത്തലണിൽ ഇന്ത്യയ്‌ക്ക് സ്വർണം. പരിക്ക് വകവയ്‌ക്കാതെ മത്സരിച്ച ഇരുപത്തിയൊന്നുകാരി സ്വപ്ന ബർമ്മനാണ് 6026 പോയിന്റുമായി ഇന്ത്യയ്‌ക്ക് സുവർണനേട്ടം സമ്മാനിച്ചത്. ഹെപ്‌റ്റാത്തലണിൽ ഇന്ന് നടന്ന ഏഴാമത്തെ ഇനമായ 800 മീറ്ററിലും മനസാന്നിദ്ധ്യം കൈവിടാതെ പൊരുതിയാണ് ബർമന്റെ സ്വപ്‍നനേട്ടം. ഇതേയിനത്തിൽ മൽസരിച്ച മറ്റൊരു ഇന്ത്യൻ താരം പൂർണിമ ഹെംബ്രാം നാലാം സ്ഥാനത്തായി.
നേരത്തെ അരനൂറ്റാണ്ടോളം കാത്തിരിപ്പിന് വിരാമമിട്ട് ട്രിപ്പിൾ ജംപിൽ അർപീന്ദർ സിംഗ് നേരത്തെ സ്വർണമെഡൽ നേടിയിരുന്നു. ഇതോടെ, ഇന്ത്യയ്‌ക്ക് ജക്കാർത്തയിൽ 11 സ്വർണവും 20 വെള്ളിയും 23 വെങ്കലവും ഉൾപ്പെടെ 54 മെഡലായി. അതേസമയം, വനിതാ വിഭാഗം ഹോക്കിയിൽ ഇന്ത്യയിൽ ഫെെനലിൽ പ്രവേശിച്ചു. സെമിയിൽ ചെെനയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ഇന്ത്യ ഫെെനലിൽ പ്രവേശിച്ചത്.