കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കഴിഞ്ഞ ദിവസം ബി.ജെ.പി - തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ തലയ്‌ക്ക് വെടിയേറ്റ മൂന്ന് വയസുകാരൻ ഗുരുതരാവസ്ഥയിൽ. മാൽഡയിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നടന്ന സംഘർഷത്തിൽ ഈ ആഴ്‌ച മാത്രം പത്ത് പേർ മരിച്ചെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
വെടിയേറ്റ കുട്ടിയുടെ മാതാവ് പുതുൽ മണ്ഡൽ ഇവിടെ നിന്നും ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് സമിതികൾ രൂപീകരിക്കുന്ന സമയത്ത് ഇവർ കാലുമാറുകയും തൃണമൂൽ കോൺഗ്രസിന് വേണ്ടി വോട്ട് രേഖപ്പെടുത്തുകയും ചെയ്‌തുവെന്നാണ് ആരോപണം. തുടർന്ന് ഇവരുടെ വീട്ടിലേക്ക് ഇരച്ചുകയറിയ ഒരു സംഘം പുതുലുമായി തർക്കത്തിലേർപ്പെടുകയും വെടിവയ്‌ക്കുകയുമായിരുന്നു. എന്നാൽ വെടിയേറ്റത് മൂന്ന് വയസുകാരനായ ഇവരുടെ മകനായിരുന്നു. ആക്രമണത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
അതേസമയം,ആരോപണങ്ങൾ നിഷേധിച്ച ബി.ജെ.പിസംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തര വഴക്കാണെന്ന് തിരിച്ചടിച്ചു. പണത്തിന് വേണ്ടിയാണ് പുതുൽ പാർട്ടി വിട്ടത്. ഒരു വേള തനിക്ക് കിട്ടിയ പണത്തെച്ചൊല്ലി അവർ പരാതി പറഞ്ഞത് തൃണമൂലുകാർക്ക് രസിച്ചിട്ടുണ്ടാവില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മറുകണ്ടം ചാടാൻ പുതുലിന് തൃണമൂൽ കോൺഗ്രസ് കൈക്കൂലി നൽകിയെന്നും ബി.ജെ.പി നേതാവ് അഭിജിത് മിശ്ര ആരോപിച്ചു. സംഭവത്തിൽ ഏതെങ്കിലും ബി.ജെ.പി പ്രവർത്തകന് പങ്കുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് ബംഗാൾ ബി.ജെ.പി അദ്ധ്യക്ഷൻ ദിലീപ് ഘോഷും വ്യക്തമാക്കി.