'പത്തേമാരി'യിലെ പള്ളിക്കൽ നാരായണനും, 'ആമി'യിലെ കമലാദാസും, 'ഞാൻ മേരിക്കുട്ടി'യിലെ മേരിക്കുട്ടിയുമെല്ലാം സംവിധായകന്റെ ഇച്ഛയ്‌ക്കും ഒരു പടി മുന്നിൽ നിന്ന കഥാപാത്രങ്ങളാണ്. തന്റെ വിരൽ തുമ്പിലെ മാന്ത്രികതയാൽ ഈ കഥപാത്രങ്ങളെ വരച്ചെടുത്ത കലാകാരനാണ് സേതു ശിവാനന്ദൻ. മൂന്ന് വർഷങ്ങൾക്കുള്ളിൽ സേതുവിന്റെ വരയിൽ പിറന്നത് മലയാളത്തിന്റെ പ്രിയ നായികാ നായക സങ്കൽപ്പങ്ങളായിരുന്നു. സിനിമാ ലോകത്തെ തന്റെ 'ചെറിയ വലിയ' അനുഭവങ്ങൾ കേരള കൗമുദി ഓൺലൈനുമായി പങ്കുവയ്‌ക്കുകയാണ് സേതു ശിവാനന്ദൻ.
ഏങ്ങനെയായിരുന്നു സിനിമയിലേക്കുള്ള വരവ്?
മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഒഫ് ഫൈൻ ആർട്‌സിലായിരുന്നു ബിരുദം പഠനം പൂർത്തിയാക്കിയത്. സിനിമ എന്ന മോഹം അന്നു തന്നെ മനസിലുണ്ടായിരുന്നു. എന്നാൽ സിനിമയിൽ തന്നെ എന്ത് എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. ആയിടക്കാണ് ഒരു സുഹൃത്തിന്റെ അച്ഛന്റെ പരിചയത്തിൽ ആർ.സുകുമാരൻ സംവിധാനം ചെയ്‌ത യുഗപുരുഷൻ എന്ന സിനിമയുടെ സെറ്റിലെത്തുന്നത്. അഭിനയിക്കാനുള്ള അവസരവും ആ യാത്രയിൽ ഒത്തുവന്നു. ചെറിയ വേഷമായിരുന്നെങ്കിലും ചിത്രത്തിന്റെ സെറ്റിൽ വച്ച് കണ്ടുമുട്ടിയ സംവിധായകൻ സന്തോഷ് സൗപർണിക മേയ്‌ക്ക് അപ്പ് ആർട്ടിസ്‌റ്റ് പട്ടണം റഷീദിനെ പരിചയപ്പെടുത്തി തരികയായിരുന്നു. ആ കൂടിക്കാഴ്‌ചയാണ് ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചത്.
'അർദ്ധനാരി' എന്ന ചിത്രത്തിന് വേണ്ടി ഞാൻ വരച്ച ചില വർക്കുകൾ റഷീദിക്ക കണ്ടിരുന്നു. അതിഷ്‌ടപ്പെട്ട അദ്ദേഹം 'ടർബോളി' എന്ന ചിത്രത്തിലേക്കായി നടൻ വിജയരാഘവന്റെ 90 വയസ് പ്രായം തോന്നിക്കുന്ന ഒരു ചിത്രം വേണമെന്ന് ആവശ്യപ്പെടുകയും, അതിൻപ്രകാരം വരച്ചു നൽകിയ ചിത്രവും അദ്ദേഹത്തിന് ഏറെ ഇഷ്‌ടപ്പെട്ടിരുന്നു. പിന്നീട് രണ്ട് മാസങ്ങൾക്ക് ശേഷം മമ്മൂട്ടി ചിത്രമായ പത്തേമാരിയിലേക്ക് വേണ്ടി റഷീദിക്ക വിളിക്കുകയായിരുന്നു. അതായിരുന്നു തുടക്കം.
പത്തേമാരിയിലെ കഥാപാത്രത്തെ വരച്ച് കണ്ടതിന് ശേഷം മമ്മൂട്ടിയുടെ പ്രതികരണം എന്തായിരുന്നു?
സത്യത്തിൽ വളരെ പേടിച്ചാണ് പത്തേമാരിയിലെ മമ്മൂക്കയുടെ ചിത്രം പൂർത്തിയാക്കിയത്. അതുകൊണ്ടു തന്നെ ആദ്യം വരച്ചതിൽ ചില തെറ്റുകൾ കടന്നു കൂടിയിരുന്നു. മമ്മൂക്ക തന്നെ അത് കണ്ടെത്തുകയും ചെയ്‌തു. പിന്നീട് ടെൻഷനൊക്ക മാറ്റി വച്ച് ഒന്നു കൂടി വരച്ചപ്പോൾ ശരിയായി. അതുതന്നെയാണ് സിനിമയിൽ നമ്മൾ കണ്ട മമ്മൂട്ടിയുടെ രൂപം. അതിന് ശേഷം മമ്മൂക്കയുടെ പുത്തൻ പണം, ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങൾക്ക് വേണ്ടിയും പ്രവർത്തിച്ചു.
ഇതുവരെ ചെയ്‌തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ വർക്ക് ഏതായിരുന്നു?
എല്ലാ വർക്കിനും അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. സംവിധായകനോ മേയ്‌ക്ക് അപ്പ് ആർട്ടിസ്‌റ്റിനോ എന്റെ വർക്ക് കൊണ്ട് ഒരു ബുദ്ധിമുട്ടുണ്ടാകരുത് എന്ന നിർബന്ധം എനിക്കുണ്ട്. എന്നിരുന്നാലും കൂടുതൽ ടെൻഷടിച്ചത് ബ്ളെസി സാറിന്റെ 'ആടു ജീവിതം' ചെയ്‌തപ്പോഴായിരുന്നു.
മലയാള സിനിമയിൽ പുതിയ റെക്കാഡുകൾ തീർക്കാൻ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. അതിന്റെ അനുഭവങ്ങൾ എങ്ങനെയായിരുന്നു?
വളരെ യാദൃശ്‌ചികമായാണ് ഒടിയനിലേക്കെത്തുന്നത്. മോഹൻലാൽ ഫാൻസിന് വേണ്ടി ഞാൻ വരച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് ലാലേട്ടന്റെ പേഴ്‌സണൽ മേയ്‌ക്ക് അപ്പ് മാനായ ലിജു ചേട്ടന് അയച്ചു കൊടുത്തു. ഇത് ലാലേട്ടനും സംവിധായകൻ ശ്രീകുമാർ സാറിനും ഇഷ്‌ടപ്പെട്ടതോടെയാണ് ഒടിയന്റെ ഭാഗമാകാനുള്ള ഭാഗ്യം ലഭിക്കുന്നത്.
ഒടിയന് വേണ്ടി വർക്ക് ചെയ്യാൻ എനിക്കൊപ്പം സുഹൃത്തുക്കളായ ഗോകുൽ രാജ്, വെങ്കിടേശ്വർ, കൃഷ്‌ണരാജ് എന്നിവരുണ്ടായിരുന്നു. ഞങ്ങളുടെ 'ടീം ചക്ര'യാണ് ഒടിയന്റെ പോസ്‌റ്റർ, സ്‌റ്റോറി ബോർഡ് എന്നിവ ഡിസൈൻ ചെയ്‌തത്.
മോഹൻലാലിനെക്കുറിച്ച് പറയാതെ ഒടിയന്റെ ചർച്ച അവസാനിപ്പിക്കാൻ കഴിയില്ല, അദ്ദേഹവുമൊത്തുള്ള അനുഭവം?
മോഹൻലാൽ ഫാൻസിന് വേണ്ടി ഒടിയന്റെ ഒരു ചിത്രം ഞാൻ വരച്ചത് ലാലേട്ടന് ഇഷ്‌ടപ്പെട്ടിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ. അന്ന് തൊട്ട് ലാലേട്ടനുമായി നല്ല സൗഹൃദമുണ്ട്. അടുത്തിടെ ബോൾഗാട്ടിയിലെ ലുലു കൺവെൻഷൻ സെന്റർ ഉദ്‌ഘാടനം ചെയ്യാനെത്തിയ യു.എ.ഇ മന്ത്രിക്ക് അദ്ദേഹം സമ്മാനിച്ചത് ഞാൻ വരച്ച ചിത്രമായിരുന്നു. ലാലേട്ടൻ തന്നെ നേരിട്ട് വിളിച്ചു പറഞ്ഞ് ചെയ്‌ത വർക്കായിരുന്നു അത്.
മലയാളത്തിന് പുറമെ മറ്റ് ചിത്രങ്ങൾ?
മലയാളത്തിന് പുറമെ തമിഴിൽ ജയം രവി നായകനായി എത്തിയ 'വനമകൻ' എന്ന ചിത്രത്തിലെ ടാറ്റു വർക്കുകൾ ചെയ്‌തിരുന്നു. കൂടാതെ ഇരുപത്തിയൊന്നാം പുലികേശി എന്ന ചിത്രവും തമിഴിൽ ചെയ്‌ത പ്രധാനപ്പെട്ട വർക്കുകളിലൊന്നാണ്. 'ഉങ്കളെ പോടേണം സർ' എന്ന മറ്റൊരു തമിഴ് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
വീട്ടിലെ വിശേഷങ്ങൾ?
അച്ഛൻ ശിവാനന്ദൻ, അദ്ദേഹത്തിൽ നിന്നാണ് ചിത്രകലയുടെ ബാലപാഠങ്ങൾ പഠിച്ചത്. അമ്മ ലീല, സഹോദരി ഇന്ദു. വയലിനിസ്‌റ്റ് കൂടിയായ ചേച്ചി കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് താമസിക്കുന്നു.
വീണ്ടും സിനിമയിലേക്ക് തന്നെ വന്നാൽ, പുതിയ വർക്കുകളെ കുറിച്ച്?
ആദ്യം പറഞ്ഞതു പോലെ തന്നെ ബ്ളെസി സാറിന്റെ ആടു ജീവിതവും, മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മെഗാ ബഡ്‌ജറ്റ് ചിത്രവും ഒരുപാട് പ്രതീക്ഷ നൽകുന്ന പ്രോജക്‌ടുകളാണ്.
സിനിമയിലെ നേട്ടങ്ങളിൽ ആരോടാണ് നന്ദി പറയാനുള്ളത്?
നന്ദി പറയാനാണെങ്കിൽ ഒരുപാടു പേരുണ്ട്. എന്നിരുന്നാലും പട്ടണം റഷീദിക്കയോടാണ് ജീവിതത്തിൽ ഏറ്റവും കടപ്പാടുള്ളത്. അദ്ദേഹം കാരണമാണ് മികച്ച അവസരങ്ങൾ ലഭിച്ചത്. മേയ്‌ക്ക് അപ്പ് മാന്മാരായ രഞ്ചിത്ത് അമ്പാടി, റോണക്‌സ് സേവിയർ, മുൻപ് പറഞ്ഞ ലിജു ചേട്ടൻ ( മോഹൻലാലിന്റെ മേയ്‌ക്ക് അപ്പ് മാൻ), ഗപ്പി, ഇബിലിസ് തുടങ്ങിയ ചിത്രങ്ങളുടെ മേയ്‌ക്ക് അപ്പ് ആർട്ടിസ്‌റ്റായ ആർ.ജി.വയനാട് തുടങ്ങിയവരോടെല്ലാമുള്ള കടപ്പാട് നന്ദി എന്ന വാക്കിൽ ഒതുക്കാൻ കഴിയില്ല.