supreme-courtശ്രീനഗ‌ർ: ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 35 എ സുപ്രീംകോടതി റദ്ദാക്കിയെന്ന വ്യാജവാർത്തയെത്തുടർന്ന് കാശ്മീരിലുടനീളം പ്രക്ഷോഭവും മിന്നൽ പണിമുടക്കും. വിവിധയിടങ്ങളിലായി നടന്ന അക്രമസംഭവങ്ങളിൽ നാലു നാട്ടുകാർക്ക് പരിക്കേറ്റു.

ആർട്ടിക്കിൾ 35 എയ്ക്ക് നിയമസാധുതയില്ലെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എന്നാൽ, ആർട്ടിക്കിൾ റദ്ദാക്കിയതായി വ്യാജവാർത്ത പ്രചരിക്കുകയായിരുന്നു. 35 എ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ വലതുപക്ഷനേതാവ് അശ്വിനി കുമാർ ഗുപ്ത പുതുതായി ഹർജി സമർപ്പിച്ച വാർത്തയാണ് തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്. അതേസമയം, ആർട്ടിക്കിൾ റദ്ദാക്കിയിട്ടില്ലെന്നും ഇതുസംബന്ധിച്ച അന്തിമവാദം ഈ മാസം 31 നാണ് കോടതി കേൾക്കുകയെന്നും പൊലീസ് അനൗൺസ്മെന്റ് നടത്തി.

35എ വകുപ്പ് പ്രകാരം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ജമ്മുകാശ്മീരിൽ വസ്തു വാങ്ങുന്നതിന് അധികാരമില്ല. മാത്രമല്ല തദ്ദേശവാസികൾ ആരെന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനാണ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളെ വിവാഹം കഴിക്കുന്ന കാശ്മീരി സ്ത്രീയ്ക്ക് സംസ്ഥാനത്തെ ഭൂമിയുടെ മേലുള്ള അവകാശങ്ങൾ നഷ്ടമാകുകയും ചെയ്യും.