മുംബയ്: ഭീമാ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ നടപടിയിൽ ന്യായീകരണവുമായി മഹാരാഷ്ട്ര പൊലീസ് രംഗത്തെത്തി. അറസറ്റിലായ അഞ്ച് പേർക്കും അന്താരാഷ്ട്ര മാവോയിസ്‌റ്റ് സംഘടനകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് തെളിയിക്കുന്ന ആയിരക്കണക്കിന് രേഖകൾ പിടിച്ചെടുത്തുവെന്നും എ.ഡി.ജി.പി പരം ബീർ സിംഗ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജീവ് ഗാന്ധിയെ വധിച്ചത് പോലെ രാജ്യത്ത് നിന്നും മോദി ഭരണം ഇല്ലാതാക്കാൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അറസ്‌റ്റിലായവർ തമ്മിൽ നടത്തിയ നിരവധി കത്ത് ഇടപാടുകളിൽ മോദി ഭരണം ഇല്ലാതാക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. ഇതിന് വേണ്ടി എന്തെങ്കിലും വലിയ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും ഇതിൽ പറയുന്നു.ഇവരുടെ വീടുകളിൽ നിന്ന് റോക്കറ്റ് ലോഞ്ചർ നിർമിക്കുന്നതിന്റെ മാതൃക പോലും കണ്ടെത്തി. ഡൽഹി ജവഹർ ലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് ഓപ്പറേഷൻ നടത്താൻ ഉദ്ദേശിച്ചിരുന്നത്.തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കാൻ പ്രവർത്തിച്ചതിന്റെ തെളിവുകൾ തങ്ങളുടെ കൈയ്യിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കവി പി. വരവരറാവു, അഭിഭാഷക സുധ ഭരദ്വാജ്, മാദ്ധ്യമപ്രവർത്തകൻ ഗൗതം നാവലാഖ, വെർനൺ ഗോൺസാൽവസ്, അരുൺ ഫെരെരഎന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം പൂനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പൂനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത ഇവരെ സെപ്‌തംബർ ആറ് വരെ വീട്ടുതടങ്കലിൽ സൂക്ഷിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിയോജിപ്പ് ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവാണെന്നും അതില്ലെങ്കിൽ പ്രഷർ കുക്കർ പൊട്ടിത്തെറിക്കുമെന്നും ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.