തിരുവനന്തപുരം: പ്രളയം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ വൻ സാന്പത്തികബാദ്ധ്യത സൃഷ്ടിച്ചതോടെ സർക്കാർ ചെലവ് ചുരുക്കലിനൊരുങ്ങുന്നു. വാർഷിക പദ്ധതിയിൽ മാറ്റം വരുത്തിയും അടിയന്തരപ്രാധാന്യമില്ലാത്ത പദ്ധതികൾ നീട്ടിവച്ചും ചെലവ് കുറയ്ക്കാനാണ് ആലോചിക്കുന്നതെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. നിയമനങ്ങൾ നടത്തുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
പ്രളയക്കെടുതിയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ നിന്ന് കരകയറുന്നതിന് വലിയൊരു തുക വേണ്ടിവരും. ഇത്രയും പണം കണ്ടെത്തുന്നത് ശ്രമകരമായ ജോലിയാണ്. അടിയന്തരമായി ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കുകയല്ലാതെ ഇതിന് മറ്റ് മാർഗങ്ങൾ ഒന്നും തന്നെയില്ലെന്ന് തോമസ് ഐസക് പറഞ്ഞു.
കേരള പുനർനിർമാണത്തിന്റെ ഭാഗമായി കടുത്ത സാമ്പത്തിക അച്ചടക്കം പാലിച്ചേ മതിയാകൂ. ഏതൊക്കെ പദ്ധതികൾ മാറ്റിവയ്ക്കാമെന്നത് സംബന്ധിച്ച് അതാത് വകുപ്പുകൾ പരിശോധിച്ച് തീരുമാനമെടുക്കണം. ഉദ്യോഗസ്ഥർക്കും മറ്റും പുതിയ കാറുകൾ വാങ്ങുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. വകുപ്പ് മേധാവികൾക്ക് മാത്രം പുതിയ കാറുകൾ വാങ്ങാൻ അനുമതി നൽകും. സർക്കാരിന്റെ മറ്റ് ആവശ്യങ്ങൾക്ക് കാറുകൾ വാടകയ്‌ക്കെടുക്കുമെന്നും തോമസ് ഐസക് പറഞ്ഞു.