സേലം: ബംഗളൂരുവിൽ നിന്ന് തിരുവല്ലയിലേക്ക് വന്ന സ്വകാര്യ ബസ് സേലത്ത് അപകടത്തിൽപെട്ട് ആറ് മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. 37 പേർക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. ബസിൽ നിരവധി മലയാളികളുണ്ടായിരുന്നു. മരിച്ചവരിൽ എടത്വ സെന്റ് അലോഷ്യസ് കോളേജ് റിട്ട. പ്രൊഫസർ ചെക്കിടിക്കാട് സ്വദേശി നാന്നാട്ടുമാലി വീട്ടിൽ ജിം ജേക്കബ്, കോട്ടയം സ്വദേശികളായ , ഷാനോ, അൽഫോൻസ, ജോർജ് ജോസഫ്, വിൻസെന്റ്, ടിനു ജോസഫ് എന്നിവരാണ് മരിച്ചത്. ജിം ജേക്കബ്ബിന്റെ ഭാര്യയ്ക്കും മകനും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസിൽ ഇന്ന് പുലർച്ചെ 1.45 ആയിരുന്നു അപകടം. യാത്രാ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപെട്ടത്. സേലത്ത് നിന്ന് കൃഷ്ണഗിരിയിലേക്ക് പോയ മറ്റൊരു സ്വകാര്യബസ് ഇതിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കൃഷ്ണഗിരിയിലേക്കു പോയ ബസ് മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തിൽ ഡിവൈഡറിൽതട്ടി യാത്രാ ട്രാവൽസിന്റെ ബസിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു. ബസിൽ ഉണ്ടായിരുന്നവരെല്ലാം ഉറക്കത്തിലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയും മുമ്പെ ബസ് മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ പലർക്കും ഗുരുതരമായി പരിക്കേറ്റു. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സേലം ജില്ലാ കളക്ടർ രോഹിണി അടക്കമുള്ളവർ സ്ഥലത്തെത്തി. പരിക്കേറ്റവരെ സേലം സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചത്. ബസിലുണ്ടായിരുന്ന ഒരു ആൺകുട്ടിയെ രക്ഷാ പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. ഈ കുട്ടിയുടെ കൂടെയുള്ളവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.