നടി സ്വാതി റെഡ്ഡി വിവാഹിതയായി. മലേഷ്യൻ എയർവേയ്‌സിലെ പൈലറ്റായ വികാസിനെയാണ് സ്വാതി ജീവിത പങ്കാളിയാക്കിയത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഹൈദരാബാദിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിൽ മലയാള താരങ്ങൾക്കടക്കം വിവാഹ സൽക്കാരം ഒരുക്കുന്നുണ്ട്.
2005ൽ ഡെയ്‌ഞ്ചർ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വാതി സിനിമാ ലോകത്ത് എത്തുന്നത്. പിന്നീട് 2008ൽ തമിഴിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം സുബ്രഹ്മണ്യപുരത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനെ തുടർന്ന് ആമേൻ, നോർത്ത് 24 കാതം, ഡബിൾ ബാരൽ, ആട്, മോസയിലെ കുതിര മീനുകൾ എന്നീ ചിത്രങ്ങളിലൂടെ മോളിവുഡിലെത്തിയ താരം മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയായി മാറി.
ആമേനിലെ ഫഹദ് ഫാസിൽ അവതരിപ്പിച്ച സോളമന്റെ കാമുകിയായ ശോശന്നയായാണ് സ്വാതി മലയാളികൾക്ക് മുന്നിലെത്തിയത്. ഇതിലെ 'സോളമനും ശോശന്നയും' എന്ന് തുടങ്ങുന്ന പ്രണയ ഗാനം ഹിറ്റ് ചാർട്ടുകളിൽ വളരെക്കാലം ഇടം പിടിച്ചിരുന്നു.