ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ചുവിട്ട് നേരത്തെ തിരഞ്ഞെടുപ്പ് നടത്താൻ ഒരുക്കം. സഭ പിരിച്ചു വിടുന്ന കാര്യത്തിൽ നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. കെ.ചന്ദ്രശേഖര റാവു നയിക്കുന്ന ടി.ആർ.എസ് സർക്കാരിന് 2019 മേയ് വരെയാണ് കാലാവധിയുള്ളത്.
മന്ത്രിസഭ പിരിച്ചു വിടാനുള്ള തീരുമാനം നാളെ കൈക്കൊള്ളുമെങ്കിലും രംഗറെഡ്ഡി ജില്ലയിൽ 2000 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന സ്ഥലത്ത് നടക്കുന്ന യോഗത്തിലാകും ഇതിന്റെ പ്രഖ്യാപനം ഉണ്ടാകുക. നിയമസഭ പിരിച്ചു വിടുകയാണെങ്കിൽ മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങൾക്കൊപ്പം ഡിസംബറിൽ തെലുങ്കാനയിലും തിരഞ്ഞെടുപ്പ് നടക്കും. സുപ്രധാന പ്രഖ്യാപനം റാലിയിൽ ഉണ്ടാകുമെന്നാണ് തെലുങ്കാന രാഷ്ട്രസമിതി നേതാക്കളും നൽകുന്നത്.
തെലങ്കാന സംസ്ഥാനം രൂപീകരിച്ചിട്ട് സെപ്തംബർ രണ്ടിന് നാല് വർഷം തികയും. സർക്കാരിന്റെ നാല് വർഷത്തെ നേട്ടങ്ങൾ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയോടെയാണ് നിയമസഭ നേരത്തെ പിരിച്ചു വിടാൻ തത്വത്തിൽ ധാരണയായിരിക്കുന്നത്.
ഈ വർഷം അവസാനത്തോടെ തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും അണികൾക്ക് സൂചന നൽകിയിട്ടുണ്ട്. അതിനാൽ തന്നെ തിരഞ്ഞെടുപ്പിനായി ഒരുങ്ങാനും അദ്ദേഹം അവരോട് നിർദ്ദേശിച്ചു. ആർ.എസ്.എസിന്റെ ചിന്തൻ ബൈഠകിൽ പങ്കെടുക്കാൻ പോകവെ ഷംഷാബാദ് വിമാനത്താവളത്തിൽ വച്ച് അമിത് ഷാ ബി.ജെ.പി എം.പി ബന്ദാരു ദത്താത്രേയയും മറ്റു നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ കൈകോർക്കുന്നതിൽ ആശങ്ക പൂണ്ടാണ് നിയമസഭ നേരത്തെ പിരിച്ചു വിടുന്നതെന്ന് കോൺഗ്രസ് പറഞ്ഞു.