pinarayi
തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി. ഇന്ന് പുലർച്ചെ 4.40നുള്ള വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചത്. ഭാര്യ കമലവിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിയെ യാത്ര അയയ്ക്കാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു. അമേരിക്കയിലെ മിനസോട്ടയിലുള്ള മയോക്ളിനിക്കിൽ അദ്ദേഹം പരിശോധനകൾക്ക് വിധേയനാവും. 17 ദിവസമാണ് അമേരിക്കയിൽ അദ്ദേഹം ചികിത്സയ്ക്ക് വിധേയനാകുക. വിവിധ അസുഖങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന ചികിത്സാ ഗവേഷണ സ്ഥാപനമാണ് മയോക്ളിനിക്. മുഖ്യമന്ത്രിയുടെ ചികിത്സാ ചെലവുകൾ പൂർണമായും സർക്കാർ വഹിക്കും.ആഗസ്റ്റ് 19നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാനിരുന്നത്. എന്നാൽ സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടർന്ന് ചികിത്സ മാറ്റിവയ്ക്കുകയായിരുന്നു.

അമേരിക്കയിലേക്ക് പോയെങ്കിലും മുഖ്യമന്ത്രിയുടെ ചുമതല ആർക്കും കൈമാറിയിട്ടില്ല. ചികിത്സയ്ക്കിടെ ഇ - ഫയൽ സംവിധാനം വഴി ഔദ്യോഗിക ഫയലുകൾ അമേരിക്കയിൽ മുഖ്യമന്ത്രി തന്നെ തീർപ്പാക്കുമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭായോഗം ചേരാനിടയില്ല. ദുരിതാശ്വാസനിധി ശേഖരണവുമായി ബന്ധപ്പെട്ട് ആ ആഴ്ച മന്ത്രിമാർ വിവിധ ജില്ലകളിലായിരിക്കുന്നതിനാൽ കൂടിയാണിത്. ഇനി മന്ത്രിസഭായോഗം ചേരേണ്ടി വന്നാൽ മന്ത്രി ഇ.പി.ജയരാജനായിരിക്കും അദ്ധ്യക്ഷത വഹിക്കുക. അമേരിക്കയിലേക്ക് പോകുന്ന കാര്യം ഇന്നലെ രാജ്ഭവനിലെത്തി ഗവർണർ പി. സദാശിവത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.