us-pak
വാഷിംഗ്ടൺ: ലോകത്തിന് തന്നെ ഭീഷണിയായ ഭീകരർക്കെതിരെ നടപടി എടുക്കാൻ വിമുഖത കാണിച്ചതിനെ തുടർന്ന് പാകിസ്ഥാന് നൽകാമെന്നേറ്റ 2100 കോടിയുടെ സൈനിക സാന്പത്തിക സഹായം അമേരിക്ക റദ്ദാക്കി. ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാകിസ്ഥാനിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയുള്ള അമേരിക്കയുടെ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുതിയ കരടായി.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വർഷമാദ്യമാണ് പാകിസ്ഥാന് സഹായം പ്രഖ്യാപിച്ചത്. എന്നാൽ,​ അഫ്ഗാനിസ്ഥാനെതിരായി 17 വർഷമായി ഭീകര പ്രവർത്തനം നടത്തുന്ന തീവ്രവാദികൾക്ക്  പാകിസ്ഥാൻ സുരക്ഷിത താവളമൊരുക്കുകയാണെന്നാണ് അമേരിക്കയുടെ വാദം. ഈ വാദം പാകിസ്ഥാൻ തള്ളിയിട്ടുണ്ട്.

സഹായം റദ്ദാക്കിയെങ്കിലും  ഭാവിയിൽ പാകിസ്ഥാൻ നയം മാറ്റുകയും ഭീകരർക്കെതിരെ നടപടി എടുക്കുകയും ചെയ്താൽ നിലപാട് മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.  2002 മുതൽ അമേരിക്ക 3300 കോടിയിലധികം ഡോളറിന്റെ സാമ്പത്തിക സഹായമാണ് പാകിസ്ഥാന് നൽകിയിട്ടുള്ളത്. ഇതിൽ  99 കോടിയും സി.എസ്.എഫ് ഫണ്ടാണ്.