ഗുരുഗ്രാം/ന്യൂഡൽഹി: ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 270 കോടിയുടെ വായ്‌പാ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ഓഡി, പോർഷെ എന്നീ ആഡംബര കാർ നിർമാതാക്കളുടെ ഡീലർമാർ അറസ്റ്റിലായി. റാഷ്‌പാൽ സിംഗ് ടോഡ്, മന്ദിർ സിംഗ് ടോഡ് എന്നിവരാണ് വെള്ളിയാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ സാമ്പത്തിക കുറ്റാന്വേഷക വിഭാഗത്തിന്റെ പിടിയിലായത്. ഇരുവരും ഇന്ത്യൻ വംശജരായ ബ്രിട്ടീഷ് പൗരന്മാരാണ്. ഗുരുഗ്രാമിലെ പോർഷെ സെന്റർ, ഓഡി ഗുരുഗ്രാം, ഓഡി ഡൽഹി സെൻട്രൽ, ഓഡി അപ്രൂവ്‌ഡ് പ്ളസ്, ഓഡി സർവീസ് ഗുരുഗ്രാം എന്നിവയും ആപ്പിൾ ഷോറൂമുകളുടെ ശൃംഖലയായ ഐ സെനികയും നടത്തുന്നത് ഇവരുടെ നേതൃത്വത്തിലുള്ള സെനിക ഗ്രൂപ്പാണ്.
ആഗസ്റ്റ് 29ന് എച്ച്.ഡി.എഫ്.സി ബാങ്ക് നൽകിയ പരാതിയിലാണ് ഇരുവരുടേയും അറസ്റ്റ്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് ഇവർക്കെതിരെ ബാങ്ക് പരാതി നൽകിയത്. ബാലൻസ് ഷീറ്റിൽ ലാഭമായിരുന്നിട്ടും നാല് വർഷമായി കമ്പനി നഷ്ടത്തിലാണെന്ന് കാണിച്ചാണ് വായ്‌പ തിരിച്ചടവ് ഇവർ മുടക്കിയത്. സെനിക കാർസ് ഇന്ത്യ, സെനിക പെർഫോമൻസ് കാർസ് പ്രൈവറ്റ് ലിമിറ്റഡ്, കന്പനിയുടെ ഡയറക്ടർമാരായ റാഷ്‌പാൽ, മന്ദിർ എന്നിവരും കമ്പനിയുടെ സാമ്പത്തിക വിഭാഗം മേധാവി വൈഭവ് ശർമ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിശ്വാസ വഞ്ചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് എഫ്.ഐ.ആറിൽ ചുമത്തിയിരിക്കുന്നത്.
എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, കാനറ ബാങ്ക്, ഫോക്‌സ്‌വാഗൻ ഫിനാൻസ് എന്നിവയിൽ നിന്ന് 270 കോടിയുടെ വായ്‌പയാണ് സെനിക എടുത്തത്. എച്ച്.ഡി.എഫ്.സി മാത്രം 120 കോടി വായ്‌പ നൽകി. കമ്പനിയുടെ ബാലൻസ് ഷീറ്റുകളിലെ ലാഭം കാണിച്ചായിരുന്നു വായ്‌പ തരപ്പെടുത്തിയത്. എന്നാൽ, നാല് വർഷമായി കടുത്ത നഷ്ടമാണ് ഉണ്ടായതെന്നും അതിനാൽ വായ്‌പ തിരിച്ചടയ്ക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി ആഗസ്റ്റ് 28ന് എച്ച്.ഡി.എഫ്.സിക്ക് സെനിക ഇ - മെയിൽ അയച്ചു. വ്യാജരേഖ ചമച്ചാണ് വായ്‌പ തരപ്പെടുത്തിയതെന്ന് ബാങ്കിന്റെ അന്വേഷണത്തിൽ കണ്ടെത്തി. വായ്‌പാ തുക ഉപയോഗിച്ച് ഇരുവരും ചേർന്ന് 32 കാറുകൾ ഡെമോയ്ക്കായി വാങ്ങി. ഇതിൽ നിന്ന് ലഭിച്ച തുക ബാങ്കിൽ തിരിച്ചടച്ചതുമില്ല. പ്രീ ഓൺഡ് കാറുകൾ വാങ്ങിയും ബാങ്കുകളെ പറ്റിച്ചു.
ഓഡിയുടേയും പോർഷെയുടേയും ഇന്ത്യയിലെ ഏറ്റവും വലിയ ഡീലർമാരാണ് സെനിക ഗ്രൂപ്പ്. പ്രതിവർഷം 500 കോടിയാണ് വിൽപനയിലൂടെ കന്പനി നേടുന്നത്. പ്രതിമാസം 140 ഓഡി കാറുകളും 18-20 പോർഷെ കാറുകളും വിൽക്കുന്നുണ്ട്. ഇന്ത്യയിലെ ഓഡി കാറുകളുടെ വിൽപനയിലെ അഞ്ചിലൊന്ന് വരുമിത്.