തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സയിൽ പോയെങ്കിലും അദ്ദേഹത്തിന്റെ ചുമതല ആർക്കും നൽകേണ്ടതില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ നിർണായക തീരുമാനം എടുക്കേണ്ടി വന്നാൽ അതിന് തടസം ഉണ്ടാകില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയ്ക്ക് കീഴിൽ 19 മന്ത്രിമാരും ഒരു ടീമായാണ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ചുമതല കൈമാറേണ്ടതില്ല. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും മന്ത്രിമാരോട് കൂടിയാലോചിച്ച ശേഷമാണ് ചെയ്യാറുള്ളത്. അദ്ദേഹത്തിന്റെ അഭാവത്തിലും എല്ലാ മന്ത്രിമാരുമായി ആലോചിച്ചായിരിക്കും കാര്യങ്ങൾ തീരുമാനിക്കുക - ജയരാജൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഭാവത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു മുടക്കവും ഉണ്ടാകില്ല. പത്ത് മുതൽ 15 വരെ മന്ത്രിമാർ ജില്ലകളിൽ കേന്ദ്രീകരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പ്രളയക്കെടുതി നേരിടുന്നതിന് മന്ത്രിമാർ വിദേശത്ത് പോകാൻ തീരുമാനിച്ചിട്ടുണ്ട്. 15ന് ശേഷമായിരിക്കും മന്ത്രിമാരുടെ യാത്ര. മന്ത്രിമാർ നേരിട്ട് വിദേശത്ത് പോകുന്നത് കേരളത്തെ ദുരിതത്തിൽ നിന്ന് കരകയറ്റുന്നതിനാണ്. കേരളത്തെ പുനർനിർമിക്കാൻ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്ന് സഹായം ആവശ്യമാണ്. പുറംരാജ്യങ്ങളിൽ മന്ത്രിമാർ നേരിട്ട് പോയാൽ കൂടുതൽ ഗുണം ലഭിക്കും. ഇവിടെ നിന്ന് ലഭിച്ചതിലും കൂടുതൽ ധനസഹായം പുറത്ത് നിന്ന് കിട്ടുന്നതിന് അത് സഹായിക്കുമെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് തിരിച്ചു പോകുന്ന എല്ലാവർക്കും 10,000 രൂപ നൽകുന്നുണ്ട്. ബാങ്ക് അവധി വന്നതിനാലാണ് തുക നൽകാൻ വൈകിയത്. പ്രളയത്തെ തുടർന്ന് പകർച്ചവ്യാധികൾ പിടിപെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. എലിപ്പനി പടരാതിരിക്കാൻ ആരോഗ്യവകുപ്പ് പ്രതിരോധമരുന്ന് സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ജനങ്ങൾ സർക്കാറിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.