ന്യൂഡൽഹി: ഇന്ത്യയിൽ അച്ചടക്കരാഹിത്യം ശക്തമായി നിലനിൽക്കുകയാണെന്നും അച്ചടക്കം ആവശ്യപ്പെടുന്നവരെ സ്വേച്ഛാധിപതികളായി മുദ്ര കുത്തുന്ന സാഹചര്യമാണുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉപരാഷ്ട്രപതിയെന്ന നിലയിൽ ഒരു വർഷം പൂർത്തിയാക്കിയ രാജ്യസഭാ ഉപാദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മോദി. വെങ്കയ്യ നായിഡുവിനെ അച്ചടക്കമുള്ള നേതാവെന്ന് വിശേഷിപ്പിച്ച മോദി, ഉത്തരവാദിത്തങ്ങൾ ഏൽപിക്കപ്പെടുമ്പോൾ അദ്ദേഹം അസാമാന്യമായ ദീർഘവീക്ഷണം പ്രകടിപ്പിക്കാറുണ്ടെന്നും പറഞ്ഞു. .
.വെങ്കയ്യ നായിഡു എന്നും അച്ചടക്കത്തിന്റെ വക്താവ് ആയിരുന്നു. എന്നാൽ, അച്ചടക്കത്തെ ജനാധിപത്യവിരുദ്ധം എന്ന് അനായാസം വിളിക്കാവുന്ന സാഹചര്യമാണ് നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നത്. അച്ചടക്കം വേണമെന്ന് പറയുന്നയാളെ ഏകാധിപതിയായി മുദ്ര കുത്തപ്പെടും - മോദി പറഞ്ഞു.
ഏത് ജോലി ഏൽപിച്ചാലും വെങ്കയ്യ നായിഡു തികഞ്ഞ മാന്യതയോടെയും അതിന്റെ മര്യാദയോടെയും അത് പൂർത്തിയാക്കും. കഴിഞ്ഞ അര നൂറ്റാണ്ടായി രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുകയാണ് അദ്ദേഹം. ഒരു ദശാബ്ദക്കാലം വിദ്യാർത്ഥി രാഷ്ട്രീയത്തിലും 40 വർഷം സംസ്ഥാന -ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹം വിരാജിച്ചുവെന്നും മോദി പറഞ്ഞു.
അന്തരിച്ച മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയി തന്റെ മന്ത്രിസഭയിൽ നായിഡുവിനെ അംഗമാക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, ഗ്രാമീണ വികസന മന്ത്രാലയം വേണമെന്നായിരുന്നു നായിഡുവിന്റെ ആഗ്രഹം. ഹൃദയം കൊണ്ട് അദ്ദേഹം കർഷകനാണ്. കർഷകരുടെ ക്ഷേമത്തെ കുറിച്ച് അദ്ദേഹം എന്നും ആലോചിച്ചിരുന്നു. നായിഡുവിന്റെ പ്രയത്നം കൊണ്ടാണ് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന നിലവിൽ വന്നത്. ട്രെയിനുകളെ കുറിച്ച് മാത്രം ചർച്ച നടന്നിരുന്ന കാലത്താണ് റോഡ് അടക്കമുള്ള മറ്റ് യാത്രാ മാർഗങ്ങളെ കുറിച്ച് നേതാക്കളെ ചിന്തിക്കാൻ നായിഡു പ്രേരിപ്പിച്ചതെന്നും മോദി ചൂണ്ടിക്കാട്ടി.
'മൂവിംഗ് ഓൺ...മൂവിംഗ് ഫോർവേർഡ്: എ ഇയർ ഇൻ ഓഫീസ്' എന്ന പേരിലുള്ള പുസ്തകം പുതിയൊരു ഇന്ത്യയുടെ നിർമാണത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.