ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന യാത്ര എന്ന സിനിമയിലെ ആദ്യ ഗാനമെത്തി. 2004ൽ കോൺഗ്രസിനെ ആന്ധ്രയിൽ അധികാരത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച് അന്തരിച്ച മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡി നടത്തിയ 1475 കിലോമീറ്റർ പദയാത്രയാണ് ഈ ഗാനരംഗത്തിൽ ചിത്രീകരിച്ചിട്ടുള്ളത്. നീണ്ട 20 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന ഈ സിനിമ, ഹെലികോപ്ടർ അപകടത്തിൽ മരിച്ച ആന്ധ്രാ മുൻമുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ കഥയാണ് പറയുന്നത്.
'സമരശംഘം' എന്ന ഗാനം രചിച്ചിരിക്കുന്നത് സീതാരാമശാസ്ത്രികളാണ്. കെയാണ് സംഗീതം പകർന്നിരിക്കുന്നത്. ബൃന്ദയാണ് നൃത്തസംവിധാനം. സിങ്ക് സിനിമയാണ് സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. നാക്ക് സ്റ്റുഡിയോസ് ലിറിക്കൽ വീഡിയോയുടെ വി.എഫ്.എക്സ് നിർവഹിച്ചിരിക്കുന്നു.
മഹി വി.രാഘവാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത്. 70എംഎം എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ക്രിസ്‌മസിന് തിയേറ്ററുകളിലെത്തും.