കോട്ടയം: കന്യാസ്ത്രീ നൽകിയ പീഡന കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് നൽകും. ഒരാഴ്ചയ്ക്കുള്ളിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നായിരിക്കും നോട്ടീസിൽ ആവശ്യപ്പെടുക. ഉടൻ തന്നെ പഞ്ചാബ് പൊലീസ് മുഖാന്തരം ബിഷപ്പിന് നോട്ടീസ് നൽകും. ഇന്ന് വൈകിട്ട് ഐ.ജി.വിജയ് സാക്കറെയുമായി ജില്ലാ പൊലീസ് സൂപ്രണ്ട് ഹരിശങ്കർ, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ് എന്നിവർ നടത്തുന്ന ചർച്ചയിൽ അന്തിമ തീരുമാനം ഉണ്ടാകും. ബിഷപ്പിനെതിരായ അന്തിമ അന്വേഷണ റിപ്പോർട്ട് തയ്യാറായിട്ടുണ്ട്. ബിഷപ്പ് പറഞ്ഞ പലകാര്യങ്ങളും കളവാണെന്ന് ബോദ്ധ്യമായതോടെ പൊലീസിന് അറസ്റ്റല്ലാതെ വേറെ വഴിയില്ലാതായി. ഇന്നു രാവിലെ വൈക്കം ഡിവൈ.എസ്.പി കോട്ടയം എസ്.പിയുമായി രാവിലെ കൂടിക്കാഴ്ച നടത്തി. ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ഡിവൈ.എസ്.പി കൂടിക്കാഴ്ചയിൽ അറിയിച്ചു.
അതേസമയം വ്യക്തമായി തെളിവുകൾ ശേഖരിച്ചിട്ടും ബിഷപ്പിന്റെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകുന്നതിൽ അന്വേഷണ സംഘത്തിലെ പലർക്കും അനിഷ്ടം ഉണ്ടെന്നാണ് അറിയുന്നത്. രാവുംപകലും ഒരുപോലെ അദ്ധ്വാനിച്ച് തെളിവുകൾ ശേഖരിച്ചിട്ടും നീതി നടപ്പാക്കാൻ സാധിക്കാത്തതിൽ സംഘത്തിലെ പലരും കടുത്ത നിരാശയിലാണ്. സംഘത്തലവൻ അസംതൃപ്തി മേലുദ്യോഗസ്ഥനെ അറിയിച്ചതായും അറിയുന്നു. ഇനിയും ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയില്ലെങ്കിൽ അന്വേഷണ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കാൻ വൈക്കം ഡിവൈ.എസ്.പി അഭ്യർത്ഥിച്ചേക്കുമെന്നും സൂചനയുണ്ട്. അതിനാൽ അടുത്ത ദിവസങ്ങളിൽതന്നെ ഒരു തീരുമാനത്തിൽ മേലുദ്യോഗസ്ഥർ എത്തിച്ചേരുമെന്നാണ് അറിയുന്നത്. അഞ്ചാം തീയതി കേസിന്റെ രണ്ടായിരം പേജുള്ള അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കുകയാണ്. തുടർന്നും അറസ്റ്റിന് അനുമതി ലഭിച്ചില്ലെങ്കിൽ തന്നെ അന്വേഷണ ചുമതലയിൽ നിന്ന് നീക്കണമെന്നുള്ള അപേക്ഷ ഡിവൈ.എസ്.പി ഉയർന്ന ഉദ്യോഗസ്ഥന് കൈമാറുമെന്നാണ് സംസാരം.
എന്നാൽ, പച്ചക്കൊടി കിട്ടിയാൽ ജലന്ധർ ബിഷപ്പ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെ എത്രയുംവേഗം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസിനോട് സഹകരിക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ള ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിനോട് സഹകരിക്കുമെന്ന് തന്നെയാണ് പൊലീസിന്റെ പ്രതീക്ഷ. ഇല്ലെങ്കിൽ പൊലീസ് പഞ്ചാബിലെത്തി ബിഷപ്പിനെ അറസ്റ്റ് ചെയ്യും. ഇതിനായി പഞ്ചാബ് പൊലീസിന്റെ സഹായം തേടും. അന്വേഷണ സംഘം ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്തപ്പോൾ പറഞ്ഞ കാര്യങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് തെളിയിക്കാനുള്ള രേഖകളും പൊലീസിന്റെ പക്കലുണ്ട്. പീഡനത്തിന് ഇരയായ കന്യാസ്ത്രീ നല്കിയ മൊഴികൾ സത്യമാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്താനായത്. ചങ്ങനാശേരി സി.ജെ.എം കോടതിയിൽ നൽകിയ രഹസ്യമൊഴിയിലും ലൈംഗിക പീഡനത്തെക്കുറിച്ച് കന്യാസ്ത്രീ പറഞ്ഞിരുന്നു. ബിഷപ്പിനെതിരെ ഇരുപതോളം തെളിവുകൾ അന്വേഷണ സംഘത്തിന്റെ കൈയിലുണ്ട്.